
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില കൊള്ളാന്‍ സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ രണ്ടാം ഘട്ട സംഗമം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ പ്രത്യേകം പെരുമാറ്റ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പാലിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സെക്രട്ടറി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായ എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി സംബന്ധിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഹുദവി, റഹ്മാനി, അന്‍വരി, റഹീമി, ജലാലി, അശ്അരി, അസ്‌ലമി, ഇര്‍ഫാനി, അശ്ശാഫി, ഹസനി എന്നീ ബിരുദം നല്‍കുന്ന സ്ഥാപനങ്ങളുടെയും അവയുടെ സഹ സ്ഥാപനങ്ങളുടെയും ഭാരവാഹികളാണ് സംഗമത്തില്‍ സംബന്ധിച്ചത്.
മൂന്നാം ഘട്ട സംഗമം 18 ലേക്ക് മാറ്റി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ മൂന്നാം ഘട്ട സംഗമം 18 ലേക്ക് മാറ്റി. ജൂലായ് 13-ന് നിശ്ചയിച്ച സംഗമം അയ്യാമുത്തശ്‌രീഖ് കാരണമാണ് 13-ല്‍ നിന്ന് 18-ലേക്ക് മാറ്റിയത്.