
താനൂര്‍ : പൂരപ്പുഴയുടെ സമീപം പെരുന്തോട് വി.സി.ബിയില്‍ മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇറിഗേഷന്റെ മലമ്പുഴയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗമാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കാണ് പദ്ധതി നിര്‍വ്വഹണത്തിന്റെ ചുമതല. താനൂര്‍ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി. മലമ്പുഴ ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ തുക അടവാക്കിയാണ് താനൂര്‍ നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. പാലക്കാട്ടെ മൈന എഞ്ചിനിയേഴ്സ് ആന്റ് കോണ്‍ട്രാകേ്ടഴ്സ് എന്ന കമ്പനിയാണ് പ്രവൃത്തി കരാര്‍ എടുത്തിരിക്കുന്നത്.
ഷട്ടറുകളുടെയും മെക്കാനിസത്തിന്റെയും നിര്‍മ്മാണം കമ്പനിയുടെ മണ്ണാര്‍ക്കാടുള്ള വര്‍ക്ക്ഷോപ്പില്‍ ഉടനെ ആരംഭിക്കുമെന്നും ഈ മഴക്കാലത്തിനു മുമ്പ് തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നേരത്തെ നഗരസഭ 36.5 ലക്ഷം രൂപ ചെലവഴിച്ച് വി.സി.ബിയുടെ നവീകരണത്തിന്റെ ഭാഗമായുള്ള സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചിരുന്നു. നേരത്തെ ചിലവഴിച്ച തുകയും ഇപ്പോള്‍ ചിലവഴിച്ച 19.5 ലക്ഷം കൂടി 56 ലക്ഷം രൂപയുടെ പ്രൊജക്ട് പൂര്‍ത്തിയാകുന്നതോടെ 1400 ഏക്കര്‍ ഭൂമിയില്‍ പ്രദേശത്തെ നൂറ് കണക്കിന് കര്‍ഷകരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് പരിഹാരാമാകുന്നത്. ഉപ്പു വെള്ളം കയറി കൃഷി നശിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.