
മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് നിര്‍വഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും.
ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങള്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങള്‍ ഏപ്രില്‍ 21 ന് കാസര്‍ഗോഡും ഏപ്രില്‍ 22 ന് വയനാടും ഏപ്രില്‍ 24ന് പത്തനംതിട്ടയിലും ഏപ്രില്‍ 28 ന് ഇടുക്കിയിലും ഏപ്രില്‍ 29 ന് കോട്ടയത്തും മെയ് 5 ന് പാലക്കാടും മെയ് 6 ന് ആലപ്പുഴയിലും മെയ് 7 ന് എറണാകുളത്തും മെയ് 9 ന് കണ്ണൂരും മെയ് 12 ന് മലപ്പുറത്തും മെയ് 13 ന് കോഴിക്കോടും മെയ് 14 ന് തൃശ്ശൂരും മെയ് 22 ന് കൊല്ലത്തും മെയ് 23 ന് തിരുവനന്തപുരത്തും നടക്കും. ജില്ലാതല യോഗത്തില്‍ ക്ഷണിക്കപ്പെട്ട 500 വ്യക്തികള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭാക്താക്കള്‍, ട്രേഡ് യൂണിയന്‍/ തൊഴിലാളി പ്രതിനിധികള്‍, യുവജനത, വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകള്‍, പ്രാഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍ സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മേഖലാ അവലോകന യോഗങ്ങളും നടക്കും. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ യോഗം മെയ് 8 ന് പാലക്കാട് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം മെയ് 15 ന് തിരുവനന്തപുരത്തും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ യോഗം കണ്ണൂരില്‍ മെയ് 26 നും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം മെയ് 29 ന് കോട്ടയത്തും നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് യോഗം നടക്കുന്നത്.
എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ 21 മുതല്‍ 27 വരെ കാസര്‍ഗോഡ് പീലിക്കോട് കാലിക്കടവ് മൈതാനത്തും ഏപ്രില്‍ 22 മുതല്‍ 28 വരെ വയനാട് കല്‍പറ്റ എസ് കെ എം ജെ സ്‌കൂളിലും ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെ കോട്ടയം നാഗമ്പടം മൈതാനത്തും ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ ഇടുക്കി ചെറുതോണി വാഴത്തോപ്പ് വി എച്ച് എസ് മൈതാനത്തും മെയ് 3 മുതല്‍ 12 വരെ കോഴിക്കോട് ബീച്ചിലും മെയ് 4 മുതല്‍ 10 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിര്‍ വശത്തുള്ള മൈതാനത്തും മെയ് 6 മുതല്‍ 12 വരെ ആലപ്പുഴ ബീച്ചിലും മെയ് 7 മുതല്‍ 13 വരെ മലപ്പുറം കോട്ടക്കുന്നിലും മെയ് 8 മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനത്തും മെയ് 11 മുതല്‍ 17 വരെ കൊല്ലം ആശ്രാമം മൈതാനത്തും മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളം മൈതാനത്തും മെയ് 17 മുതല്‍ 23 വരെ എറണാകുളം മറൈന്‍ ഡ്രൈവിലും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും മെയ് 18 മുതല്‍ 24 വരെ തൃശ്ശൂര്‍ സ്വരാജ് ഗ്രൗണ്ടിലെ വിദ്യാര്‍ത്ഥി കോര്‍ണറിലും നടക്കും.
വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ വിപണന സ്റ്റാളുകളുമുണ്ടാവും. വകുപ്പുകളുടെ സ്റ്റാളുകളില്‍ സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കും. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവരുടെ ഫുഡ് കോര്‍ട്ടുകള്‍, കലാപരിപാടികള്‍, പുസ്തകമേള, കാര്‍ഷിക പ്രദര്‍ശനം, ഹരിത കേരള മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഇന്‍സ്റ്റലഷന്‍ എന്നിവ മേളയുടെ ഭാഗമായി ഉണ്ടാകും. സ്റ്റാര്‍ട്ടപ്പ് മിഷന്‍, ടൂറിസം, കിഫ്ബി, സ്പോര്‍ട്സ് എന്നിവയ്ക്ക് പവലിയനില്‍ പ്രത്യേക ഇടമുണ്ടാവും. കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാവും. പൊലീസിന്റെ ഡോഗ്ഷോ, കാരവന്‍ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനം എന്നിവ പവലിയന് പുറത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാരുടെ ലൈവ് ഡെമോണ്‍സ്ട്രേഷനും ഒരുക്കുന്നുണ്ട്. ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.
വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകള്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങള്‍ പരിപാടിയുടെ ഭാഗമായി നടക്കും. യുവജനക്ഷേമ വകുപ്പ് മേയ് 3 ന് യുവജനക്ഷേമത്തെക്കുറിച്ച് കോഴിക്കോടും മേയ് 11 ന് പ്രൊഫഷണല്‍ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് കോട്ടയത്തും മേയ് 17 ന് പ്രൊഫഷണലുകളുമായുള്ള ചര്‍ച്ച ശാസ്ത്ര സാങ്കേതിക വകുപ്പ് തിരുവനന്തപുരത്തും മേയ് 18 ന് പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമത്തെ അടിസ്ഥാനമാക്കി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് പാലക്കാടും മേയ് 19 ന് സാംസ്‌കാരിക മേഖലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക വകുപ്പ് തൃശ്ശൂരും മേയ് 27ന് വനിതാവികസനത്തെ അടിസ്ഥാനമാക്കി വനിതാവികസന വകുപ്പ് എറണാകുളത്തും യോഗങ്ങള്‍ സംഘടിപ്പിക്കും.