
ദില്ലി : കാശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികള്‍ക്ക് കാരണം എന്ന് വിവരം. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത, സിന്ധു നദീ ജല കാരാര്‍ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്.
സമിതിയുടെ ഭാഗമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരും പങ്കെടുത്തു.
വാഗാ അട്ടാരി അതിര്‍ത്തി അടയ്ക്കും. കൃത്യമായ രേഖകളോടെ അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ നല്‍കില്ല. സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാക് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് മുന്‍പ് നല്‍കിയിട്ടുള്ള SVES വിസകള്‍ റദ്ദാക്കിയതായി കണക്കാക്കും. നിലവില്‍ SVES വിസയില്‍ ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണം. പാക് ഹൈക്കമ്മീഷണര്‍ ഓഫീസിലെ അംഗസംഖ്യ 55ല്‍ നിന്ന് 30 ആക്കി വെട്ടിച്ചുരുക്കി.