
മലപ്പുറം : ഒരു മതവിഭാഗത്തിലെ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോര്‍ട്ട് ചോദിച്ച് അരീക്കോട് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസറുടെ വിചിത്ര ഉത്തരവ്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു. ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാനഅധ്യാപകര്‍ക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ കത്തയച്ചത്. ക്രിസ്തുമത വിശ്വാസികളായ ജീവനക്കാരില്‍ ആദായ നികുതി അടയ്ക്കാത്തവരുടെ റിപ്പോര്‍ട്ട് ചോദിച്ചായിരുന്നു കത്ത്.
‘താങ്കളുടെ സ്‌കൂളില്‍നിന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കണം’ എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് അരീക്കോട് എഇഒ ഇത്തരത്തില്‍ കത്തയച്ചതെന്നാണു വിവരം. ഫെബ്രുവരിയില്‍ കോഴിക്കോട്ടുനിന്ന് ഡിപിഐക്കു ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാരോട് ഇതു സംബന്ധിച്ച് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും ഇതു പിന്നീട് വാക്കാല്‍ മരവിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.