
കൊച്ചി : റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടന്നത്. പരിശോധന സമയത്ത് വേടന്‍ ഫ്‌ലാറ്റിലുണ്ടായിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പര്‍ വേടന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നത്. ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്. വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
വേടന്‍ എന്നു വിളിക്കുന്ന കിരണും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് ഹില്‍പാലസ് സിഐ അറിയിച്ചു. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടന്‍ സമ്മതിച്ചിട്ടുണ്ട്. വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്‌ലാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു. വിവരം കിട്ടി എത്തിയപ്പോള്‍ ഇവര്‍ വിശ്രമത്തിലായിരുന്നു. അറസ്റ്റ് ചെയ്തിട്ടുണ്ട്, നിയമ നടപടിക്ക് ശേഷം വിട്ടയക്കും. വിവരം കിട്ടിയ ഉറവിടം വെളിപ്പെടുത്തുന്നില്ലെന്നും സിഐ പറഞ്ഞു.
ഇന്നലെ രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് ഹിരണ്‍ദാസ് മുരളി സുഹൃത്തുക്കളോടൊപ്പം ഫ്‌ലാറ്റില്‍ എത്തിയത്. ഒപ്പമുണ്ടായിരുന്നുവരെ കുറിച്ച് വിവരങ്ങള്‍ തേടുമെന്ന് പൊലീസ് അറിയിച്ചു. കുറച്ച് നാളുകളായി ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.