Saturday, August 16

കാരുണ്യ സ്പർശം പഠന സഹായ പദ്ധതി ആരംഭിച്ചു

വേങ്ങര : സബ്ജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വനിതാ വിംഗിന് കീഴിൽ സബ് ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി ക്ലാസുകളിലെ പിതാവ് മരണപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും പുതിയ വർഷാരംഭത്തിൽ പഠനോപകരണങ്ങൾ വാങ്ങുന്നതിലേക്ക് സഹായം നൽകി. 270 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ വനിതാ വിംഗ് സമാഹരിച്ച് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്‌ലു നിർവ്വഹിച്ചു.

പിതാവ് മരണപ്പെട്ട വിദ്യാർത്ഥികളുടെ സന്തോഷവും മാതാവിന്റെ ആശ്വാസവും മാത്രം മുന്നിൽ കണ്ട് കൊണ്ടാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിട്ടത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുറമേ ജീവകാരുണ്യ പ്രവർത്തന മേഖലയിലും എന്നും കെ.എ.ടി.എഫ് മറ്റു അധ്യാപക സംഘടനകൾക്ക് മാതൃകയാണ്. അതിബൃഹത്തായ ഈ പരിപാടിക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് വലിയ ജനപിന്തുണയാണ് ലഭിച്ചിട്ടുള്ളത്.

കാരുണ്യ സ്പർശം കോർഡിനേറ്റർ ഉമ്മു ജമീല ടീച്ചർ പദ്ധതി വിശദീകരണം നടത്തി. സബ്ജില്ല പ്രസിഡൻ്റ് എം.അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സബ്ജില്ല സെക്രട്ടറി ഫുആദ് താനാളൂർ, എ ഇ . ഒ ടി.പ്രമോദ്, ഐ.എം.ജി.ഇ കെ.ടി. മിന്നത്ത്, ടി.പി. അബ്ദുൽ ഹഖ്, എം.പി. ഫസൽ, മുഹമ്മദ് മുസ്തഫ, ജാഫർ സാദിഖ്, എം.ടി. അബ്ദുൽ റസാഖ്, എം.പി. മൻസൂർ, ശിഹാബ് കഴുങ്ങിൽ , റഷീദ ഉമ്മത്തൂർ, ശരീഫ ശംസിയ, ബഷീർ, വി.ടി. അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.

error: Content is protected !!