ഹജ്ജ് 2025 ; 33 വിമാനങ്ങളിലായി 5896 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി ; തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും വനിതകള്‍

കരിപ്പൂര്‍ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും 33 വിമാനങ്ങളിലായി 5896 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സര്‍വ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരില്‍ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാര്‍, 1380 സ്ത്രീകള്‍, കൊച്ചിയില്‍ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരില്‍ 65 ശതമാനം പേരും വനിതാ തീര്‍ത്ഥാടകരാണ്.

കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരില്‍ നിന്നും മെയ് പതിനൊന്നിനുമാണ് സര്‍വ്വീസ് ആരംഭിച്ചത്. കൊച്ചിയില്‍ ഇന്ന് വെള്ളിയാഴ്ചയാണ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സര്‍വ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലര്‍ച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരില്‍ മെയ് 29 നാണ് അവസാനം വിമാനം. സംസ്ഥാനത്ത് നിന്നും ഈ വര്‍ഷത്തെ അവസാന ഹജ്ജ് വിമാനം കൊച്ചിയില്‍ നിന്നായിരിക്കും. മെയ് 30 നാണ് കൊച്ചിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ അസാനിക്കുക.

കരിപ്പൂരില്‍ നിന്നും ഇന്ന് വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 344 പേരാണ് പുറപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 1.5 നും വൈകുന്നേരം 4.30 നുമാണ് സര്‍വ്വീസ്. കണ്ണൂരില്‍ നിന്നും നാളെ ശനിയാഴ്ച ഒരു വിമാനമാണുള്ളത്. 168 തീര്‍ത്ഥാടകരാണ് ഇതില്‍ പുറപ്പെടുന്നത്. കൊച്ചിയില്‍ നിന്നും ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തില്‍ വനിതാ തീര്‍ത്ഥാടകര്‍ മാത്രമായിരിക്കും യാത്രയാവുക. പുരുഷ തുണയില്ലാത്ത വിഭാഗത്തില്‍ പെട്ട തീര്‍ത്ഥാടകര്‍ക്ക് മാത്രമായി മൂന്ന് വിമാനങ്ങളാണ് കൊച്ചിയില്‍ നിന്നും സര്‍വ്വീസ് നടത്തുക. രണ്ടാമത്തെ വനിതാ വിമാനം മെയ് 18 നും മൂന്നാമത്തെ വിമാനം മെയ് 21 നുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

അതേ സമയം ഇത്തവണ തീര്‍ത്ഥാടകരുടെ താമസ, ഗതാഗത അനുബന്ധ സൗകര്യങ്ങള്‍ വിമാനാടിസ്ഥാനത്തില്‍ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴില്‍ സഊദിയിലെ ഹജ്ജ് സേവന കരാര്‍ ഏറ്റെടുത്ത കമ്പനിയുമായി ചേര്‍ന്നു നടത്തിയ ഈ ക്രമീകരണം ഹജ്ജ് വേളയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇത് പ്രകാരം നിശ്ചയിക്കപ്പെട്ട വിമാനങ്ങളില്‍ തന്നെ തീര്‍ത്ഥാടകരുടെ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.

കരിപ്പൂരില്‍ നടന്ന യാത്രയയപ്പ് സംഗമത്തില്‍ യു.അബ്ദുല്‍ കരീം ഐ.പി.എസ് (റിട്ട), ഹജ്ജ് സെല്‍ ഓഫീസര്‍ കെ.കെ മൊയ്തീന്‍ കുട്ടി ഐ.പി.എസ്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, സ്വബാഹ് വേങ്ങര, യൂസുഫ് പടനിലം, ഹസന്‍ സഖാഫി തറയിട്ടാല്‍, അഷ്‌റഫ് ബാഖവി കരിപ്പൂര്‍ സംബന്ധിച്ചു.

error: Content is protected !!