പുത്തനുടുപ്പിട്ട് അംഗനവാടിയിലേക്ക് പോയ കല്യാണി നാടിന്റെ നോവായി : മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്നു ; അമ്മ അറസ്റ്റില്‍ ; പരസ്പരം കുറ്റപ്പെടുത്തി കുടുംബങ്ങള്‍

കൊച്ചി : മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ അറസ്റ്റില്‍. എറണാകുളം മൂഴിക്കുളത്ത് ആണ് മൂന്ന് വയസുകാരിയായ കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. എസ്പിയുടെ നേതൃത്വത്തില്‍ സന്ധ്യയെ വിശദമായ ചോദ്യം ചെയ്യും. സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെയാണ് കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊന്നത്. പുത്തന്‍ ഉടുപ്പിട്ട് കളിച്ചും ചിരിച്ചും അമ്മയുടെ കൈപിടിച്ച് അങ്കണവാടിയിലേക്ക് പോയ കല്യാണിയാണ് ഒരു നാടിന്റെ തീരാ നോവായി മാറിയത്. ചെയ്ത തെറ്റിനെ കുറിച്ച് ഒരു പശ്ചത്താപവും അമ്മ സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ എന്തിനീ ക്രൂരത ചെയ്തു എന്ന ചോദ്യത്തിന് ഞാന്‍ ചെയ്തു എന്ന് മാത്രമായിരുന്നു സന്ധ്യയുടെ മറുപടി. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണെന്നും റൂറല്‍ എസ് പി എം ഹേമലത പ്രതികരിച്ചു.

സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്ന് സന്ധ്യയുടെ കുടുംബം പറഞ്ഞു. അതേസമയം ഭാര്യക്ക് യാതൊരു മാനസിക പ്രയാസവുമില്ലെന്ന് ഭര്‍ത്താവ് സുഭാഷും പ്രതികരിച്ചു. സന്ധ്യയും ഭര്‍ത്താവ് സുഭാഷും തമ്മില്‍ വഴക്ക് പതിവാണെന്നും മര്‍ദ്ദിക്കാറുണ്ടെന്നുമാണ് സന്ധ്യയുടെ അമ്മയുടെ ആരോപണം. സന്ധ്യയ്ക്ക് 35 വയസുണ്ടെങ്കിലും പ്രായത്തിനനുസരിച്ചുള്ള മാനസിക വളര്‍ച്ച ഇല്ലെന്നാണ് സന്ധ്യയുടെ കുടുംബം പറയുന്നത്.

error: Content is protected !!