
മഞ്ചേരി : സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നഗര കേന്ദ്രങ്ങളിൽ സീബ്രാലൈൻ ഉൾപ്പെടെ റോഡ് സുരക്ഷാ നടപടികൾ ഇല്ല. മാസങ്ങൾക്കുമുൻപ് ട്രാഫിക് പരിഷ്കാരത്തിനു പുറമെ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുണ്ടാക്കിയ ആർടിഎ നിർദ്ദേശങ്ങൾ കടലാസിലൊതുങ്ങി. സെൻട്രൽ ജംക്‌ഷൻ, ജസീല ജംക്‌ഷൻ, പാണ്ടിക്കാട് റോഡ്, പുതിയ ബസ് സ്റ്റാന്റ് തുടങ്ങി പലയിടത്തായി സീബ്രാലൈൻ മാഞ്ഞുകിടക്കുകയാണ്. സെൻട്രൽ ജംക്ഷനിൽ സിഗ്നൽ ലൈറ്റും ട്രാഫിക് പോലീസിന്റെയും കനിവിൽ ആണ് നിലവിൽ യാത്രക്കാർ റോഡ് കുറുകെ കടക്കുന്നത്.
പാണ്ടിക്കാട് റോഡിൽ പഴയ ബസ് സ്റ്റാൻഡിനു സമീപം സീബ്രാലൈൻ അപ്രത്യക്ഷമായതും വാഹനങ്ങളുടെ യു ടേണും ദുരിതമാകുന്നു. കാൽനടയാത്രക്കാർ വാഹനങ്ങൾ സ്വയം നിയന്ത്രിച്ചാണ് റോഡ് കുറുകെ കടക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ ജംക്‌ഷൻ കടക്കാൻ വിദ്യാർത്ഥികൾക്കു പോലീസ് സഹായം വേണ്ടിവരും. റോഡ് സുരക്ഷയുടെ ഭാഗമായി ഒട്ടേറെ നിർദേശങ്ങൾ റോഡ് ട്രാൻസ്‌പോർട് അതോറിറ്റി മുന്നോട്ടുവച്ചിരുന്നു. വൺവേ ട്രാഫിക് ഏർപ്പെടുത്തണമെന്നായിരുന്നു പ്രധാന നിർദേശം.