Friday, November 14

മരണമഴ; ദുരിതക്കാറ്റ്: കോഴിക്കോട് രണ്ട് ദിവസത്തിനിടെ മഴക്കെടുതിയിൽ മരണം നാലായി

കോഴിക്കോട് : കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം തുടരുന്നു. 2 കുട്ടികളടക്കം 3 പേർ ഇന്നലെ മരിച്ചതോടെ, കാലവർഷത്തിൽ രണ്ടു ദിവസത്തിനിടെ ജില്ലയിൽ മരണം നാലായി. വിലങ്ങാട് ഹൈസ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 16 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പന്നിയേരിയിൽ മണ്ണിടിച്ചിൽ കാരണം ഒരു കുടുംബം മാറിത്താമസിച്ചു.

പയ്യോളി പെരുമാൾപുരത്ത് ദേശീയപാത സർവീസ് റോഡ് വെള്ളത്തിൽ മുങ്ങി. താൽക്കാലിക പാതയൊരുക്കി ഗതാഗതം തിരിച്ചുവിട്ടു. ശക്തമായ കാറ്റിൽ അയനിക്കാട് സേവന നഗറിൽ തെങ്ങ് മറിഞ്ഞുവീണു. തിക്കോടി പള്ളിക്കരയിൽ കാറ്റിൽ വീടിനുമുകളിൽ തെങ്ങ് വീണു. മാങ്കാവ് കണ്ണിപ്പറമ്പ റോഡിൽ പന വീണു വാഹനക്കുരുക്കുണ്ടായി. ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു.

കുറ്റിയാടി കരിങ്ങാട് പുഴതീരം ഇടിഞ്ഞു. കോർട്ടേഴ്‌സിൽ കഴിയുന്ന 4 കുടുംബങ്ങളെ മാറ്റി. ഒരു കെട്ടിടം അപകട ഭീഷണിയിലാണ്. മണ്ണൂർ മുക്കത്തക്കടവ്, ശിവക്ഷേത്ര പരിസരം മേഖലകളിൽ പരക്കെ നാശനഷ്ടമുണ്ട്. ബേപ്പൂരിൽ കെട്ടിടത്തിന് മുകളിൽ മരം വീണു. അത്തോളി പഞ്ചായത്തിൽ മരം വീണ് 2 വീടുകൾ തകർന്നു. ബാലുശ്ശേരി കടമലപ്പൊയിൽ മുപ്പറ്റച്ചാലിൽ അബ്ദുൽ ഹമീദിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു.

തലയാട്- കക്കയം റോഡിൽ ഇരുപത്തിയഞ്ചാം മൈലിൽ മണ്ണിടിഞ്ഞു. മുട്ടാഞ്ചേരി എടക്കിലോട് ജലീലിന്റെ പറമ്പിലെ സംരക്ഷണ ഭിത്തി തകർന്നു. കുന്നമംഗലത്തു 2 വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചക്കിട്ടപാറ- ചെമ്പ്ര റോഡിൽ മുക്കവല ഭാഗത്തു വലിയചാലിൽ സുമതിയുടെ വീട് സംരക്ഷണ ഭിത്തി തകർന്ന് അപകട ഭീഷണിയിലായി. നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തിലെ മൂലാട്, പൂനത്ത് എന്നിവിടങ്ങളിൽ മരം വീണ് വൈധ്യുതി തൂണുകൾ തകർന്നു. പുതിയപ്പുറം റോഡിൽ പുതിയപ്പുറത്തു താഴെ വെള്ളം വെള്ളം പൊങ്ങി ഗതാഗതം മുടങ്ങി. മൂലാഡ് ഹിന്ദു എൽപി സ്കൂളിന് സമീപം തെങ്ങ് കടപുഴകി വീണ് 6 വൈധ്യുതിക്കാലുകൾ ഒടിഞ്ഞു. അരമണിക്കൂർ ഗതാഗതം മുടങ്ങി.

കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ വ്യാപകമായി കൃഷി നശിച്ചു. തോട്ടുമുക്കം പുൽപാറ്റയിൽ ജോബിയുടെ വീട്ടിലേക്ക് സംരക്ഷണഭിത്തി തകർന്നുവീണു. കൊയിലാണ്ടി ചേലിയ, മൊടക്കല്ലുർ, നടേലക്കണ്ടി റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, നെടുവത്തൂർ നടേരി റോഡ് എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നന്തിയിൽ പശു മിന്നലേറ്റ് ചത്തു. മാമ്പുഴ ബണ്ടും ഷട്ടറും തുറന്നു. വിലങ്ങാട് ക്യാമ്പിൽ 16 കുടുമ്പങ്ങളെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്ത് മഴ ശക്തിയായി തുടരുന്നു.

error: Content is protected !!