കൽപ്പറ്റ:ഏറെ ചർച്ചയായ കൽപ്പറ്റയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഉടമകളും ചുമട്ടുതൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. 27 ദിവസം നീണ്ടു നിന്ന അനിശ്ചിതകാല സമരം കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബിൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഹൈപ്പർ മാർക്കറ്റിലെത്തുന്ന നെസ്റ്റോ വാഹനങ്ങളൊഴികെ എല്ലാ വാഹനങ്ങളിൽ നിന്നും തൊഴിലാളികൾക്ക് ചരക്കുകൾ ഇറക്കാം. മറ്റു സ്ഥാപനങ്ങളിലെ ചരക്കുകളും തൊഴിലാളികൾക്ക് ഇറക്കാവുന്നതാണ്. സമരം രമ്യതയിൽ അവസാനിപ്പിച്ചതിന്റെ ഭാഗമായി നെസ്റ്റോക്ക് മുമ്പിൽ സ്ഥാപിച്ച സമരപ്പന്തൽ പൊളിച്ചു മാറ്റും.
തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് പി പി ആലി, സി മൊയ്തീൻകുട്ടി, യു എ കാദർ, പി കെ അബു, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളായി പിആർഒ സുഖിലേഷ്, പ്രൊജക്റ്റ് മാനേജർ അലി നവാസ്, മാൾ മാനേജർ ജലീൽ എന്നിവരും പങ്കെടുത്തു. നെസ്റ്റോക്ക് മുമ്പിലെ സമരം അവസാനിപ്പിക്കുന്നതിനായി നിരവധി ചർച്ചകൾ ഇതിനകം നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി ചർച്ച നടത്തിയിരുന്നുവെങ്കിലും അലസിപ്പിരിഞ്ഞിരുന്നു. ഇതിന് മുമ്പും കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബിന്റെ സാന്നിധ്യത്തിൽ ഉടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും ചർച്ച നടത്തിയിരുന്നു. എന്നാൽ ആ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി തൊഴിലെടുക്കുന്ന കാർഡുള്ള ചുമട്ടുതൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കുന്ന സമീപനത്തിനെതിരെയാണ് ഐഎൻടിയുസി, സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത സമരസമിധിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. നേരത്തെ തൊഴിലാളി സംഘടനകളും ഹൈപ്പർ മാർക്കറ്റ് ഉടമകളും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരം കമ്പനി വാഹനങ്ങളിൽ കൊണ്ടുവരുന്ന സാധനങ്ങൾ മാർക്കറ്റ് അധികൃതർക്ക് കയറ്റാനും ഇറക്കാനും മറ്റുള്ളവ തൊഴിലാളികൾക്ക് നൽകാനുമായിരുന്നു ധാരണ. ഹൈപ്പർ മാർക്കറ്റ് ഉടമസ്ഥതയിലുള്ള വാഹനങ്ങൾ അഞ്ച് ശതമാനത്തിൽ താഴെ മാത്രമെ എത്തുകയുള്ളുവെന്നും ഉടമകൾ അറിയിച്ചിരുന്നതായാണ് തൊഴിലാളികളുടെ വാദം. ഇതിന് ശേഷം ഭൂരിഭാഗം വാഹനങ്ങളും കമ്പനിയുടേത് മാത്രമായി മാറിയതോടെയാണ് തൊഴിലാളികൾ സമരരംഗത്തേക്ക് എത്തിയതെന്നായിരുന്നു തൊഴിലാളികൾ വ്യക്തമാക്കിയിരുന്നത്.
27 ദിവസമായി തുടരുന്ന സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയിലടക്കം വ്യാപകമായ പോസ്റ്റുകളായിരുന്നു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് പ്രതിനിധി സംഘവും സ്വന്തം കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സോഷ്യൽ മീഡിയയിലടക്കം പോസ്റ്റുകളിലിട്ടിരുന്നു.