കോഴിക്കോട് വന്‍ ബാങ്ക് കവര്‍ച്ച ; സ്‌കൂട്ടറിലെത്തിയയാള്‍ ജീവനക്കാരില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു

കോഴിക്കോട് : സ്‌കൂട്ടറിലെത്തിയയാള്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നു 40 ലക്ഷം കവര്‍ച്ച ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യില്‍നിന്നു പണം ഉള്‍പ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് തട്ടിപ്പറിച്ചുകൊണ്ടുപോയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കറുത്ത ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ട ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. കവര്‍ച്ചക്ക് ശേഷം കറുത്ത ജൂപിറ്റര്‍ വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു ഇയാള്‍.

കറുപ്പും പച്ചയും വെള്ളയും നിറങ്ങള്‍ ഉള്ള ടീ ഷര്‍ട്ടും മഞ്ഞ റെയിന്‍കോട്ടും ഹെല്‍മറ്റും ഇയാള്‍ ധരിച്ചിട്ടുണ്ട്. വലതു ചെവിയില്‍ കമ്മലും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവം അറിഞ്ഞയുടനെ അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. സംഭവം നടന്ന് അധികസമയം ആവാത്തതിനാല്‍ പൊലീസ് ഇയാളെ പിടികൂടാനായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

error: Content is protected !!