
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെ ക്ഷണിച്ച് പരിപാടി നടത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കമുള്ളവരെ മുസ്ലിം ലീഗ് പുറത്താക്കി. തിരുവമ്പാടിയില്‍ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു.
ഈ മാസം 15 നായിരുന്നു നേതൃത്വത്തെ വെല്ലുവിളിച്ച് പരിപാടി സംഘടിപ്പിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ നടന്ന പരിപാടി ചര്‍ച്ചയായതിന് പിന്നാലെ മുസ്ലിം ലീഗിന് പരിപാടിയില്‍ ബന്ധമില്ലെന്ന് വിശദീകരിച്ച് നേതൃത്വം രംഗത്ത് വന്നിരുന്നു. പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാന് അടക്കമുള്ളവര്‍ക്ക് സംഭവം വാര്‍ത്തയായതിന് പിന്നാലെ ലീഗ് നേതൃത്വം നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെയാണ് സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാന്, അറഫി കാട്ടിപ്പരുത്തി, ഫൈസല്‍ മാതാം വീട്ടില്‍, റഫീഖ് പുല്ലൂരാംപാറ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.