
മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യം വച്ച് കച്ചക്കെട്ടിയിറങ്ങിയ എല്‍ഡിഎഫിന് മുഖത്തേറ്റ അടിയാണ് പാര്‍ട്ടിയിലെ ഏറ്റവും മികച്ച വ്യക്തിത്വമുള്ള വ്യക്തിയായ എം സ്വരാജിന്റെ പരാജയം. പിവി അന്‍വര്‍ രാജിവച്ച ഒഴിവിലേക്ക് പാര്‍ട്ടിയിലും ജനങ്ങള്‍ക്കുമിടയില്‍ ഏറെ പ്രിയങ്കരനായ വ്യക്തിയെ തന്നെയായിരുന്നു പാര്‍ട്ടി അങ്കത്തിനിറക്കിയത്. എന്നാല്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
രാഷ്ട്രീയ പോരാട്ടത്തിലെ ഏറ്റവും ഉജ്വലനായ പോരാളി എന്ന വിശേഷണത്തോടെയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പിന്നാലെ വലിയ പ്രചരണവും നടന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. എന്നാല്‍ അതെല്ലാം വിഫലമായി.
സ്വന്തം മണ്ഡലത്തില്‍ തോറ്റു എന്നതിനൊപ്പം ജന്മനാട്ടിലും സ്വന്തം ബൂത്തിലും പഞ്ചായത്തിലും നഗരസഭയിലും പിന്നിലായി എന്നത് സ്വരാജിനെ സംബന്ധിച്ചടുത്തോളം വലിയ പ്രഹരമാണ്. സി പി എമ്മിന് വലിയ സ്വാധീനമുള്ള പോത്തുകല്ലാണ് സ്വരാജിന്റെ ജന്മ സ്ഥലം. സി പി എം ഭരിക്കുന്ന പഞ്ചായത്തായിട്ടും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തിന് മുന്നിലെത്താനായില്ല എന്നത് പാര്‍ട്ടിയെ ഞെട്ടിക്കുന്നതാണ്. ഡി സി സി പ്രസിഡന്റ് വി എസ് ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലില്‍ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്‌തെങ്കിലും അവസാനം യു ഡി എഫ് മുന്നേറുകയായിരുന്നു. നിലമ്പൂര്‍ നഗരസഭയിലാണ് സ്വരാജ് ഇപ്പോള്‍ താമസിക്കുന്നത്. സ്വരാജ് വോട്ടിട്ട നഗരസഭയില്‍ ഭരണവും സി പി എമ്മിന് തന്നെയാണ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഇവിടെയും സ്വരാജിന് ചലനമുണ്ടാക്കാനിയില്ല. നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ എല്‍ ഡി എഫിന് 10 കൊല്ലമായി ഉണ്ടായിരുന്ന ആധിപത്യമാണ് ഇതോടെ നഷ്ടമായത്.