ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ; പിന്തുണയുമായി കേന്ദ്രമാര്‍

ദില്ലി : ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഇന്ത്യയിലെ ജനാധിപത്യത്തെ നിര്‍വചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ തിരുകി കയറ്റിയതാണെന്നും ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നും പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍, ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹൊസബല്ലെ.

അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആര്‍എസ്എസ് നേതാവിന്റെ വിവാദ പരാമര്‍ശം. രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ദത്താത്രേയ ഹൊസബല്ലെയെ പിന്തുണച്ച് കേന്ദ്രമാരും രംഗത്തെത്തി. മതേതരത്വവും സോഷ്യലിസവും ഇന്ത്യക്ക് ആവശ്യമില്ലെന്നും വസുധൈവ കുടുംബകം എന്നതിലൂടെ നിലപാട് വ്യക്തമെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഇന്ത്യക്ക് സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും മതേതരത്വം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാതലല്ലെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് അടിയന്തരാവസ്ഥകാലത്താണ്, ഇത് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകള്‍ പുനഃപരിശോധിക്കാനുള്ള ആര്‍എസ്എസിന്റെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഭരണഘടന ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും എന്നാല്‍, അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. ഇന്ത്യയില്‍ ഭരണഘടനയാണ് പരമോന്നതമെന്നും ജനാധിപത്യത്തിന്റെ മറ്റ് മൂന്നുതൂണുകളും അതിനുകീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ബി.ആര്‍. ഗവായ് അഭിപ്രായപ്പെട്ടു.

error: Content is protected !!