Saturday, July 12

മാറ്റിവെച്ച പരീക്ഷകൾ / പുനഃ പരീക്ഷ, അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സര്‍വകലാശാലാ സ്ഥാപകദിനാഘോഷം റദ്ദാക്കി

ജൂലൈ 23-ന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സ്ഥാപകദിനാഘോഷ പരിപാടികള്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. വൈസ് ചാന്‍സലറുടെ ഓഫീസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിലും തുടര്‍ന്ന് കാമ്പസില്‍ സംജാതമായ അരക്ഷിതാവസ്ഥയും കണക്കിലെടുത്താണ് തീരുമാനമെന്ന് വൈസ് ചാന്‍സലറുടെ ഓഫീസ് അറിയിച്ചു. സര്‍വകലാശാലയുടെ ഭാവി വികസനം ലക്ഷ്യമിട്ട് 21-ന് നടത്താനിരുന്ന പാനല്‍ ചര്‍ച്ചയും റദ്ദാക്കിയിട്ടുണ്ട്.

പി.ആർ. 887/2025

അക്കാദമിക് കൗൺസിൽ യോഗം

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം ആഗസ്റ്റ് 13-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിൽ ചേരും.

പി.ആർ. 888/2025

സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മാണം : കാലിക്കറ്റും മലബാര്‍ കോ-ഓപ് ടെക്കും ധാരണയായി

ഊര്‍ജരംഗത്ത് ഭാവിയില്‍ വന്‍വിപ്ലവത്തിന് വഴിയൊരുക്കുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മാണ മേഖലയില്‍ കാലിക്കറ്റ് സര്‍വകലാശാലയും പരപ്പനങ്ങാടി ആസ്ഥാനമായ സഹകരണ സംരംഭമായ മലബാര്‍ കോ-ഓപ് ടെക്കും തമ്മില്‍ ധാരണയായി. ഉയര്‍ന്ന ശേഷിയുള്ള പോളിമര്‍-rGO അധിഷ്ഠിത സൂപ്പര്‍ കപ്പാസിറ്ററുകള്‍ വികസിപ്പിക്കുകയും, ഇന്ത്യയിലും വിദേശത്തുമുള്ള വൈദ്യുത വാഹനങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍, സ്മാര്‍ട്ട് ഗ്രിഡ് സ്റ്റോറേജ്, റെയില്‍വേ തുടങ്ങിയ മേഖലയിലേക്കുള്ള ഉത്പന്നവിതരണത്തിന് ലക്ഷ്യമിടുകയും ചെയ്യുന്നതാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പദ്ധതി. കലിക്കറ്റ് സര്‍വകലാശാലയുടെ രസതന്ത്ര വിഭാഗവുമായി സംയുക്ത ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത മെറ്റീരിയലിന്, 490 F/g വരെ കപ്പാസിറ്റന്‍സ്, 99% സൈക്ലിക് സ്റ്റേബിലിറ്റി എന്നിവ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സഹകരണാടിസ്ഥാനത്തിലുള്ള ഹൈടെക് ഊര്‍ജ സംഭരണ പദ്ധതിയായി ഇതിനെ കണക്കാക്കാം. ആദ്യഘട്ടത്തില്‍, ടെസ്റ്റിംഗ്, പൈലറ്റ് ഉത്പാദനം, പ്രോട്ടോടൈപ്പ് നിര്‍മാണം എന്നിവയ്ക്കായി രണ്ട് കോടിയോളം രൂപയുടെ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. പിന്നീട് പ്രതിരോധ മേഖലയില്‍ ഉപയോഗത്തിനായി ബ്രഹ്‌മോസ് പോലുള്ള സമാന്തര പദ്ധതികളില്‍ ഇതിന്റെ പ്രായോഗികത വിലയിരുത്താനും പദ്ധതിയുണ്ട്. സാധ്യതയുള്ള വിദേശ സഹകരണത്തിനായി വിദേശത്തുള്ള TOB Machines ലാബ് സന്ദര്‍ശനം ഉടന്‍ നടക്കുമെന്നും പ്രൊഫഷണല്‍ പ്രോസസ്സിംഗിനായി ടെക്നിക്കല്‍ സപ്പോര്‍ട്ട് കൈവരിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍, കെമിസിട്രി പഠനവകുപ്പ് പ്രൊഫസര്‍മാരായ ഡോ. എ.ഐ. യഹ്യ, ഡോ. എന്‍.എന്‍. ബിനിത, മലബാര്‍ കോ-ഓപ് ടെക് പ്രൊജക്ട് ഹെഡ് എം.കെ. ജെയ്‌സന്‍, പ്രസിഡണ്ട് ടി. കാര്‍ത്തികേയന്‍, അസീസ് ചെമ്പയില്‍, സജീദ് നടുത്തൊടി എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ : സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മാണ മേഖലയില്‍ കാലിക്കറ്റ് സര്‍വകലാശാലയും സഹകരണ സംരംഭമായ മലബാര്‍ കോ-ഓപ് ടെക്കും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചപ്പോള്‍

പി.ആർ. 889/2025

ബിരുദ പ്രവേശനം 2025 : മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 17-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ കോളേജില്‍നിന്നും നിര്‍ബന്ധമായും വിടുതല്‍ വാങ്ങേണ്ടതും മൂന്നാം അലോട്ട്മെന്റില്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതുമാണ്. പ്രസ്തുത വിദ്യാർഥികള്‍ക്ക് മുഴുവന്‍ ഫീസുകളും റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. റീഫണ്ടുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ക്ക് സർവകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ 17-നുള്ളിൽ ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷന്‍ നഷ്ടപ്പെടുന്ന തും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ചവര്‍ക്കും അല്ലാതെയുള്ള അഡ്മിഷന്‍ (മാനേജ്മെന്റ്, കമ്മ്യൂണിറ്റി, പി.ഡബ്ല്യൂ.ഡി., സ്പോര്‍ട്ട്സ് തുടങ്ങിയ) ലഭിച്ചവര്‍ക്കും മാന്‍ഡേറ്ററി ഫീസടയ്ക്കാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്.

പി.ആർ. 890/2025

ബി.എഡ്. പ്രവേശനം 2025 : രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബി.എഡ്. (കോമേഴ്‌സ് ഓപ്‌ഷൻ ഒഴികെ), ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 15-ന് വൈകീട്ട് നാലു മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർ നിർബന്ധമായും കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ് അല്ലാത്തപക്ഷം നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ എല്ലാ ഹയർ ഓപ്ഷനുകളും ക്യാൻസൽ ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഹയർ ഓപ്ഷൻ നിലനിർത്തുന്നവരെ രണ്ടാം അലോട്ട്മെന്റിന് ശേഷം ഉണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കും. സ്ഥിരപ്രവേശനം നേടുന്നവർക്ക് ടി.സി. ഒഴികെയുള്ള എല്ലാ അസൽ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാം. ബി.എഡ്. കോമേഴ്‌സ് ഓപ്‌ഷനിലേക്കുള്ള പ്രവേശന നടപടികൾ സർവകലാശാല എം.കോം ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം ആരംഭിക്കും.

തിരുത്തൽ സൗകര്യം / ലേറ്റ് രജിസ്‌ട്രേഷൻ : 18 വരെ ലഭ്യമാകും 

അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനുള്ള സൗകര്യം ജൂലൈ 16 മുതൽ 18-ന് വൈകിട്ട് അഞ്ചു മണി വരെ ലഭ്യമാകും. (ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരപ്രവേശനം നേടിയവർക്കും ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്ത് സ്ഥിരപ്രവേശനം നേടിയവർക്കും തിരുത്തൽ സൗകര്യം ലഭ്യമാകില്ല). ഒന്ന്, രണ്ട് അലോട്ട്മെന്റുകൾ ലഭിച്ച് ഇൻഡക്സ് മാർക്ക്, വെയിറ്റേജ് മാർക്ക്, റിസർവേഷൻ, കോളേജ് ഓപ്ഷൻ മുതലായവയിലെ തെറ്റുകൾ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവർക്കും തിരുത്തൽ സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. തിരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് (എസ്.സി. / എസ്.ടി. – 570/- രൂപ, മറ്റുള്ളവർ – 1090/- രൂപ) ലേറ്റ് ഫീയോടുകൂടി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ജൂലൈ 16 മുതൽ 18-ന് വൈകിട്ട് അഞ്ചു മണി വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.

പി.ആർ. 891/2025

ഇന്റർ കോളേജ് മേജർ മാറ്റം / കോളേജ് മാറ്റം : 16 വരെ പ്രവേശനം നേടാം

2025 – 26 അധ്യയന വർഷത്തെ ഇന്റർ കോളേജ് മേജർ മാറ്റം /  മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് മാറ്റം എന്നിവക്ക് അപേക്ഷിച്ചവർക്ക് പ്രവേശനം നേടുന്നതിനുള്ള സമയം ജൂലൈ 16-ന് വൈകിട്ട് അഞ്ചു മണി വരെ നീട്ടി.

പി.ആർ. 892/2025

വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 – 26 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ 14 – ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥി ൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407366, ഇ – മെയിൽ : [email protected] .

പി.ആർ. 893/2025

ഫാർമസിസ്റ്റ് വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ഹെൽത് സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 25-ന് നടക്കും. യോഗ്യത : എസ്.എസ്.എൽ.സി., ഡിപ്ലോമ ഇൻ ഫാർമസി (കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ). 36 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്). യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ ഒൻപത് മണിക്ക് ഹാജരാകണം. കേന്ദ്രം : സിൻഡിക്കേറ്റ് കോൺഫസറൻസ് ഹാൾ, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്.

പി.ആർ. 894/2025

സോഷ്യോളജി പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ സോഷ്യോളജി പഠനവകുപ്പിൽ 2025 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 18-ന് നടക്കും. അടിസ്ഥാന യോഗ്യത എം.എ. സോഷ്യോളജി, യു.ജി.സി. നെറ്റ്. താത്പര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407240.

പി.ആർ. 895/2025

മാറ്റിവെച്ച പരീക്ഷകൾ / പുനഃ പരീക്ഷ

ലോ കോളേജുകളിൽ ജൂലൈ ഒൻപതിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ജൂൺ 2025, (2020 പ്രവേശനം) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുനഃ ക്രമീകരിച്ചത് പ്രകാരം ജൂലൈ 14-ന് നടക്കും.

നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജൂലൈ ഒൻപതിന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ (CBCSS – UG – 2022 പ്രവേശനം) ബി.ടി.എച്ച്.എം. (BTH5B14 – Accommodation Operation – Theory) നവംബർ 2024 റഗുലർ സ്പെഷ്യൽ പരീക്ഷ പുനഃ ക്രമീകരിച്ചത് പ്രകാരം ജൂലൈ 17-ന് നടക്കും.

ജൂലൈ ഒൻപതിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ (2019 സ്‌കീം – 2024 പ്രവേശനം) എം.ആർക്. ലാൻഡ്‌സ്‌കേപ്പ് ആർകിടെക്ച്ചർ ജനുവരി 2025 റഗുലർ പരീക്ഷ പുനഃ ക്രമീകരിച്ചത് പ്രകാരം ജൂലൈ 18-ന് നടത്തും. 

വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജമെന്റിലെ മാറ്റിവെച്ച മൂന്നാം വർഷ (2020 പ്രവേശനം മുതൽ) ബി.എച്ച്.എം. (Human Resource Management – II) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷ പുനഃ ക്രമീകരിച്ചത് പ്രകാരം ജൂലൈ 15-ന് നടക്കും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

മാറ്റിവെച്ച അവസാന വർഷ, രണ്ടാം വർഷ (സിലബസ് വർഷം – 2007) അദീബ് – ഇ – ഫാസിൽ (ഉറുദു) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുനഃ ക്രമീകരിച്ചത് പ്രകാരം ജൂലൈ 14-ന് നടക്കും.

സർവകലാശാലാ സെന്ററുകളിലും അഫിലിയേറ്റഡ് കോളേജുകളിലും ജൂലൈ 16-ന് നട ത്താനിരുന്ന നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) ബി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുനഃ പരീക്ഷ ജൂലൈ 21-ന് നടക്കും.

പി.ആർ. 896/2025

പരീക്ഷാ അപേക്ഷ

വിദൂര വിഭാഗം (SDE – 2014 പ്രവേശനം) പ്രിന്റിങ് ടെക്‌നോളജി ഒന്നാം സെമസ്റ്റർ നവംബർ 2016, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2017, മൂന്നാം സെമസ്റ്റർ നവംബർ 2017, നാലാം സെമസ്റ്റർ ഏപ്രിൽ 2018, അഞ്ചാം സെമസ്റ്റർ നവംബർ 2018, ആറാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 25 വരെയും 200/- രൂപ പിഴയോടെ ആഗസ്റ്റ് ഒന്ന് വരെയും അപേക്ഷിക്കാം.

പി.ആർ. 897/2025 

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ (CCSS) എം.എ. ഉറുദു ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 898/2025

error: Content is protected !!