Saturday, July 12

സ്‌കൂള്‍ സമയമാറ്റം ; മാന്യമായി മറുപടി പറയണം, ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ? ; വി ശിവന്‍കുട്ടിക്കെതിരെ ജിഫ്രി തങ്ങള്‍

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നും ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നതെന്നും ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോ എന്നും ആകെ 24 മണിക്കൂറല്ലേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മറുപടി നല്‍കേണ്ടത് സര്‍ക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങള്‍ വ്യക്തമാക്കി.സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത് മാന്യതയാണെന്നും പറഞ്ഞ അദ്ദേഹം, സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് എന്നും ഓര്‍മ്മിപ്പിച്ചു.

ചര്‍ച്ചക്ക് വിളിച്ചത് മാന്യമായ നടപടി. ചര്‍ച്ച വിജയിച്ചാല്‍ പ്രക്ഷോഭം ഉണ്ടാകില്ല. വൈകിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മാന്യമായ സമീപനം ഉണ്ടായത്. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചര്‍ച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രക്ഷോഭം നേരത്തെ തീരുമാനിച്ചതാണെന്നും ചര്‍ച്ച വിജയിച്ചാല്‍ അത് ഉണ്ടാകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിര്‍ദേശത്തിന് ആകെ 24 മണിക്കൂര്‍ അല്ലേയുള്ളൂ എന്നായിരുന്നു തങ്ങളുടെ മറുപടി. വിദ്യാഭ്യാസ മന്ത്രി അങ്ങനെ പറയരുതായിരുന്നു. ആലോചിച്ച് ചെയ്യാം എന്നായിരുന്നു മറുപടി നല്‍കേണ്ടത്. സമുദായങ്ങളുടെ വോട്ട് കൂടി നേടിയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. സാമുദായിക കാര്യങ്ങള്‍ പരിഗണിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഉള്ളത്. സമുദായങ്ങള്‍ അല്ലേ വോട്ടുചെയ്യുന്നതെന്നും തങ്ങള്‍ വിമര്‍ശിച്ചു.

error: Content is protected !!