Saturday, July 12

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം ; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു ; അമ്മ ഗുരുതരാവസ്ഥയില്‍

പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളായ നാല് വയസുകാരി എമിലീനയും ആറ് വയസുകാരന്‍ ആല്‍ഫ്രഡുമാണ് മരിച്ചത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ അമ്മ എല്‍സി(40) പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മൂത്ത മകള്‍ അലീന( 10) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുകയാണ്.

പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സിയുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് 55 ദിവസം മുമ്പാണ് മരിച്ചത്. മൂന്ന് മക്കള്‍ക്കൊപ്പം പൊല്‍പ്പുള്ളി പൂളക്കാടുള്ള വീട്ടില്‍ കഴിയുന്നതിനിടെ അസുഖം ബാധിച്ച് ശസ്ത്രക്രിയ നടത്തിയ എല്‍സി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ എല്‍സി മക്കള്‍ക്കൊപ്പം പുറത്ത് പോകാന്‍ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എല്ലാവരും കേറിയതിന് പിന്നാലെ എല്‍സി കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനായില്ല. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ച് എല്ലാവരെയും പുറത്തെടുത്തത്. കാര്‍ ആഴ്ചകളായി ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം.

കാലപ്പഴക്കം സംഭവിച്ച കാറില്‍ ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചത് ആയിരിക്കാം തീ പിടിക്കാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം. കുടുംബത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

അപകടത്തില്‍ എമിലീനയ്ക്ക് 90% അധികം പൊള്ളലേറ്റിരുന്നു. എല്‍സിയുടെ മൂത്തമകള്‍ അലീനക്ക് 40% പൊള്ളലേറ്റിട്ടുണ്ട്.

error: Content is protected !!