
കോഴിക്കോട്: മദ്യ ലഹരിയില്‍ ട്രെയിനില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ബാഗ്ലൂര്‍-പുതിച്ചേരി ട്രയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് അക്രമം നടന്നത്. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ട്രെയിന്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരനായ ഒരാള്‍ സഹയാത്രികനുനേരെ കത്തി വീശിയത്. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
അക്രമിയും പരിക്കേറ്റയാളും തമിഴ്നാട് സ്വദേശികളാണ്. ഇരുവരും തമ്മിലുണ്ടായ വാക്ക്തര്‍ക്കമാണ് കത്തിവീശാന്‍ കാരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റതോടെ മറ്റു യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആര്‍പിഎഫ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഴു, കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നു.