
ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വലിയ വിമാനങ്ങള്‍ കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്‍ പുനര്‍ജന്മം ലഭിച്ച മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും പറന്നിറങ്ങും. ഇതോടെ മലബാറിന്റെ വാണിജ്യ വ്യവസായ രംഗങ്ങളിലും പുത്തനുണര്‍വ് പ്രകടമാകും.
2020 ആഗസ്റ്റ് എട്ടിനുണ്ടായ കരിപ്പൂര്‍ വിമാന അപകടമാണ് മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകുളെ തളര്‍ത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വേ സുരക്ഷ ഏരിയ ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ലെന്നും ആഭ്യന്തര വിമാനത്താവളമായി ചുരുങ്ങേണ്ടി വരുമെന്നുമുള്ള ആശങ്ക പടര്‍ന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ അതിവേഗം മുന്നോട്ടുപോയി. പൊതുജന പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ എട്ട് മാസങ്ങള്‍ കൊണ്ടാണ് ഭൂമി ഏറ്റെടുത്ത് ഏവിയേഷന്‍ മന്ത്രാലയത്തിന് കൈമാറിയത്. ഇത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ഏറ്റവും വലിയ പാക്കേജാണ് കരിപ്പൂരില്‍ നടപ്പാക്കിയത്.
ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരില്‍ നില നിര്‍ത്താനും സര്‍ക്കാറിന് സാധിച്ചു. വിമാനത്താവള വികസനത്തിനായി പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി 12.48 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള അതോറിറ്റിക്ക് ഏറ്റെടുത്തു നല്‍കിയത്. 76 കുടുംബങ്ങള്‍ക്കായി 72.85 കോടി രൂപ.നഷ്ടപരിഹാരമായി നല്‍കി. 76 ഭൂവുടമസ്ഥരില്‍ 28 പേര്‍ക്ക് ഭൂമിയും 11 പേര്‍ക്ക് മറ്റു നിര്‍മ്മിതികളും 32 കുടുംബങ്ങള്‍ക്ക് വീട് ഉള്‍പ്പെടെയുള്ള വസ്തുക്കളും 5 പേര്‍ക്ക് മറ്റ് കെട്ടിടങ്ങളും ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപ്പെടുന്നുണ്ട്. അത്തരത്തിലുള്ള 52 കുടുംബങ്ങള്‍ക്ക് 3.56 കോടി രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ കൈമാറിക്കഴിഞ്ഞു.
റെസ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു
2026 മാര്‍ച്ച് മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന റെസ (റണ്‍വെ എന്‍ഡ് സുരക്ഷാ ഏരിയ) മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. കരിപ്പൂരിനെ അന്താരാഷ്ട വിമാനത്താവളമായി നിലനിര്‍ത്തുന്നതിനും വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിനുമാണ് റെസ വികസനം ആരംഭിച്ചത്. വ്യോമയാന മന്ത്രാലയം നല്‍കിയ സമയ പരിധിക്കുള്ളില്‍ തന്നെ റെസ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറി. 98 ഭൂവുടമകളില്‍ നിന്നും പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി 12.48 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്ത് നല്‍കിയത്.
നിലവിലുള്ള റെസയോട് ചേര്‍ന്ന് ഏറ്റെടുത്ത ഭൂമിയില്‍ മണ്ണിട്ട് ഉയര്‍ത്തി റണ്‍വേയുടെ നീളം കൂട്ടുന്ന ജോലി പുരോഗമിച്ചുവരികയാണ്. യന്ത്രസഹായത്തോടെ വിവിധ പാളികളായാണ് നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ആദ്യം 25 സെന്റിമീറ്റര്‍ കനത്തില്‍ മണ്ണ് നിരത്തി അവ 20 സെന്റീമീറ്ററിലേക്ക് അമര്‍ത്തി മണ്ണിന്റെ ബല പരിശോധന നടത്തി വീണ്ടും ഇത്തത്തില്‍ അടുത്ത പാളി മണ്ണ് ഉറപ്പിച്ചാണ് റെസ ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നത്.
തീര്‍ത്തും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് നിര്‍മാണം. ഉയര്‍ത്തുന്ന ഭാഗത്തെ വശങ്ങളില്‍ മതില്‍കെട്ടുകളില്ലാതെ ജിയോഗ്രിഡ് അവലംബിച്ചാണ് മണ്ണുപാളികള്‍ ഉറപ്പിക്കുന്നത്. 90 മീറ്ററുള്ള റെസ ഏരിയ 150 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് 240 മീറ്ററായി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ടേബിള്‍ ടോപ്പ് റണ്‍വേക്ക് ഇത് കൂടുതല്‍ സുരക്ഷ നല്‍കും. 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റര്‍ മണ്ണാണ് നിര്‍മാണത്തിനാവശ്യമുള്ളത്. റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ലഭിച്ച പ്രദേശങ്ങളില്‍ നിന്നാണ് മണ്ണെടുപ്പ്. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ ഇടങ്ങള്‍ കണ്ടെത്തി, പരിസ്ഥിതികാഘാത പഠനങ്ങള്‍ നടത്തിയ ശേഷം എന്‍വിയോണ്‍മെന്റ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുമുണ്ട്. മഴ മാറുന്നതോടുകൂടി ഇവിടെ നിന്ന് മണ്ണെടുക്കാന്‍ കഴിയും.
കാലവര്‍ഷം ശക്തമായതോടെ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതിനാല്‍ നിലവില്‍ മണ്ണെടുക്കല്‍ പ്രവര്‍ത്തനങ്ങളും റെസ മണ്ണിട്ടുയര്‍ത്തുന്ന പണികളും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുവരെ റെസ നിര്‍മാണത്തിന്റെ 22 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട് പറഞ്ഞു. മണ്ണിട്ട് ഉയര്‍ത്തല്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചെങ്കിലും പ്രദേശത്തോട് ചേര്‍ന്നുള്ള ചുറ്റുമതില്‍ നിര്‍മ്മാണവും മറ്റ് അനുബന്ധപ്രവര്‍ത്തികളും തുടരുകയാണ്.
രാജസ്ഥാനിലെ ഗവാര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് കമ്പനിക്കാണ് നിര്‍മാണച്ചുമതല. നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ അവസാനം ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മാണ കാലാവധി അവസാനിക്കുന്ന 2026 മാര്‍ച്ച് മാസത്തില്‍ 82 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കാലവര്‍ഷം കണക്കിലെടുത്ത് മൂന്നുമാസം കൂടി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ അധികസമയം കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
ലീഡിങ് ലൈറ്റ് സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു
വിമാനങ്ങള്‍ക്ക് റണ്‍വേയില്‍ സുരക്ഷിതമായി ഇറങ്ങുന്നതിനും നാവിഗേഷന്‍ സംവിധാനങ്ങള്‍ക്കുമായുള്ള ലീഡിങ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ നടന്നുവരുന്നു. റവന്യൂ വകുപ്പിലെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗമാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. വിമാനത്താവളത്തിന് ചുറ്റുമുള്ള മൂന്ന് വില്ലേജുകളില്‍ നിന്നായി അഞ്ച് സ്ഥലങ്ങള്‍ ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പള്ളിക്കല്‍ വില്ലേജില്‍ മൂന്ന് സ്ഥലങ്ങളും , ചേലേമ്പ്ര കണ്ണമംഗലം വില്ലേജുകളില്‍ ഓരോ സ്ഥലങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്ഥലങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കും.
വിമാനത്താവള വികസനം ഭാവിയിലേക്കുള്ള ചുവടുവെപ്പ്
റെസ വികസനവും ടര്‍മിനല്‍ വിശാലമാക്കലും കഴിയുന്നതോടെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനും മലബാറിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്നതിനും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിയും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങല്‍ വിദേശ ടൂറിസ്റ്റുകളെയും ആകര്‍ഷിക്കും.
ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം നിലനിര്‍ത്തുന്നതിനും യാത്രാനിരക്ക് കുറയ്ക്കുന്നതിനും വികസനം സഹായകമാകും.ബോയിങ് 777, വലിയ ജെറ്റ് വിമാനങ്ങള്‍ എന്നിവ സര്‍വീസ് നടത്തുന്നതോടെ വിപണിയിലും തൊഴിലവസരങ്ങളിലും കുതിപ്പുണ്ടാവും. ഹജ്ജ് പ്രത്യേക സര്‍വീസുകള്‍, വിദേശയാത്രയ്ക്കുള്ള പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവക്കെല്ലാം ഇതോടെ സാധ്യത തെളിയും. ദുബായ്, ദോഹ, ജിദ്ദ പോലുള്ള നഗരങ്ങളിലേക്ക് നേരിട്ട് വലിയ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കും.
ചരക്ക് നീക്കം (കാര്‍ഗോ മാനേജ്‌മെന്റ് ) കാര്യക്ഷമമാകുന്നതിനാല്‍ ഇപ്പോഴുള്ളതിന്റെ മൂന്നോ നാലോ ഇരട്ടി പഴം പച്ചക്കറി, മത്സ്യം, പൂക്കള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കൈത്തറി, മറ്റ് പ്രാദേശിക ഉത്പന്നങ്ങള്‍ എന്നിവ നേരിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ചെയ്യാന്‍ അവസരമൊരുങ്ങും. ഇതിലൂടെ കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും കൂടുതല്‍ വരുമാനം നേടാന്‍ കഴിയും. വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങളുണ്ടാകും. തമിഴ്‌നാട്ടിലെ നീലഗിരി, സേലം, ഈറോഡ്, കര്‍ണാടകയിലെ കൊടുക്, മൈസൂര്‍, ചാമരാജ്‌നഗര്‍ പ്രദേശങ്ങളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളും കരിപ്പൂര്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് കയറ്റുമതി ചെയ്യപ്പെടും.
വിമാനത്താവള വികസനം സമീപ പ്രദേശങ്ങളിലെ റോഡ് വികസനത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഹോട്ടലുകള്‍, ലോജിസ്റ്റിക് പാര്‍ക്കുകള്‍, കസ്റ്റംസ് വെയര്‍ഹൗസുകള്‍ തുടങ്ങി അനുബന്ധ മേഖലകളിലും തൊഴില്‍ അവസരങ്ങളൊരുക്കും. പ്രദേശത്തെ ചെറുകിട വ്യവസായങ്ങള്‍ക്കും ടൂറിസം മേഖലക്കും വലിയ ഉണര്‍വുണ്ടാകും.
സുരക്ഷയുടെ പേരില്‍ അവഗണിക്കപ്പെട്ടുപോകുമായിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് പുതുജീവന്‍ നല്‍കുന്നതായി മാറി സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. സ്ഥലമേറ്റെടുപ്പ് അസാധ്യമെന്ന് കരുതി ഉപേക്ഷിച്ച ഹൈവേ വികസനത്തോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടുമാത്രം കരിപ്പൂരിന്റെ ആകാശവും വിസ്തൃതമാവുകയാണ്.