
ഭോപാല്‍ : മുന്‍ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 24 കാരി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ നിലാന്‍ഷു ചതുര്‍വേദിയുടെ വീട്ടിലാണ് സംഭവം. ഇവിടെ ജോലി ചെയ്തിരുന്ന സുമന്‍ നിഷാദ് എന്ന യുവതിയാണ് മരിച്ചത്. യുവതിയും അമ്മയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിലാന്‍ഷു ചതുര്‍വേദിയുടെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവിന്റെ വീടിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഒക്ടോബറില്‍ സുമന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ചതുര്‍വേദിയുടെ ഭാര്യയുടെ പേരില്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് സുമന്‍ വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമിച്ചത് ഭക്ഷണം കഴിക്കുകയായിരുന്നെന്നും പെട്ടെന്ന് സുമന്‍ എഴുന്നേറ്റ് മുകളിലേക്ക് പോയെന്നും ശബ്ദം കേട്ട് പോയി നോക്കിയപ്പോള്‍ മകള്‍ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടതെന്നും അമ്മ സുബിയ പറഞ്ഞു. സുമന്‍ സ്ഥിരം ഫോണില്‍ സംസാരിക്കുന്നത് സംബന്ധിച്ച് അമ്മയുമായി തര്‍ക്കമുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.