മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു ; വിടപറഞ്ഞത് എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാവ്

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു അന്ത്യം. കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. അഞ്ചു തവണ നിയമസഭാംഗമായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഭൗതികദേഹം ആലുവ ചാലയ്ക്കലിലെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം രാത്രി 8ന് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ കബറടക്കും.

എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാക്കളില്‍ ഒരാളായിരുന്നു ടി.എച്ച്.മുസ്തഫയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുശോചിച്ചു. ”14 വര്‍ഷമാണ് അദ്ദേഹം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ നയിച്ചത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഡിസിസി അധ്യക്ഷന്‍, കെപിസിസി ഭാരവാഹി, എംഎല്‍എ, മന്ത്രി എന്നീ സ്ഥാനങ്ങളിലേക്ക് എത്തിയ നേതാവായിരുന്നു ടി.എച്ച്.മുസ്തഫയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായിരുന്നു മുസ്തഫയുടെ പ്രവര്‍ത്തന രീതി. മികച്ച സംഘാടകനും ഭരണകര്‍ത്താവുമായിരുന്നു. പെതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് നിര്‍ലോഭമായ പിന്തുണയാണ് അദ്ദേഹം എനിക്ക് നല്‍കിയത്. ടി.എച്ച് മുസ്തഫയുടെ നിര്യാണം കോണ്‍ഗ്രസിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി വിഡി സതീശന്‍ അനുശോചിച്ചു.

എറണാകുളം പെരുമ്പാവൂര്‍ വാഴക്കുളത്ത് ടി.കെ.എം.ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടെയും മകനായി 1941 ഡിസംബര്‍ ഏഴിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. കെപിസിസി പ്രസിഡന്റായി 14 വര്‍ഷം പ്രവര്‍ത്തിച്ചു. 1977ല്‍ ആലുവയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അദ്ദേഹം, കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് 1982, 1987, 1991, 2001 വര്‍ഷങ്ങളിലും നിയമസഭയിലെത്തി. 1991-1995 ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

ഐഎന്‍ടിയുസിയുടെ സംസ്ഥാന നിര്‍വാഹക സമിതിയിലും ദേശീയ കൗണ്‍സിലിലും അംഗമായിരുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്, ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിപി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

error: Content is protected !!