
ദില്ലി : ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയുകയാണ്.
ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ 3 പെണ്‍കുട്ടികളോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മനുഷ്യക്കടത്ത്, മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സില്‍ മതപരിവര്‍ത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂര്‍ണമായ രേഖകളുണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകന്‍ അമൃതോ ദാസ് അറിയിച്ചത്. മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ജാമ്യം കിട്ടിയാലും എഫ്‌ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതികരിച്ചു.