Monday, August 4

മുസ്ലിം ഹെഡ് മാസ്റ്ററെ പുറത്താക്കാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി ; ശ്രീറാം സേനയുടെ നേതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ മുസ്ലീമായ ഹെഡ്മാസ്റ്ററെ സ്ഥലംമാറ്റാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ തീവ്രഹിന്ദുസംഘടന ശ്രീറാം സേനയുടെ നേതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കര്‍ണാടക ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ശ്രീറാം സേനെ നേതാവ് സാഗര്‍ പാട്ടില്‍, കൂട്ടാളികളായ കൃഷ്ണ മാഡര്‍, മഗന്‍ ഗൗഡ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്. നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പും വധശ്രമവും അടക്കം ചുമത്തി കേസെടുത്തു.

ജൂലൈ 14 നായിരുന്നു സംഭവം. സ്‌കൂളില്‍ കഴിഞ്ഞ 13 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ഹെഡ്മാസ്റ്റര്‍ സുലൈമാന്‍ ഗൊരിനായിക്കിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറഞ്ഞു. 10 വയസ്സ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന പ്രൈമറി സ്‌കൂളാണിത്. സ്‌കൂളിലെ ടാങ്കില്‍ നിന്ന് വെള്ളം കുടിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ആരുടെയും നില ഗുരുതരമല്ല. കുട്ടികള്‍ക്ക് ഉടനടി ചികിത്സ നല്‍കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

സമയോചിതമായി അധ്യാപകര്‍ ഇടപെട്ടതോടെ ഒഴിവായത് വന്‍ ദുരന്തമാണ്. വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടെന്ന് കുട്ടികള്‍ ടീച്ചറോടും ഹെഡ് മാസ്റ്ററോടും പറഞ്ഞു. ഇതോടെ ഹെഡ് മാസ്റ്ററും മറ്റ് ടീച്ചര്‍മാരും ടാങ്ക് അടക്കുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച പൊലീസിന് ടാങ്കിനടുത്ത് നിന്ന് കീടനാശിനിയുടെ കുപ്പി കിട്ടി. ഇതന്വേഷിച്ചപ്പോഴാണ് സംശയത്തിന്റെ പേരില്‍ സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിയെ പൊലീസ് ചോദ്യം ചെയ്തത്. പുറത്തുനിന്നൊരാള്‍ ഒരു കുപ്പിയില്‍ ഒരു വസ്തു നല്‍കിയതായും അത് വാട്ടര്‍ ടാങ്കിലേക്ക് ഒഴിക്കാന്‍ നിര്‍ദ്ദേശിച്ചതായും ചോദ്യം ചെയ്യലില്‍ കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുപ്പി കുട്ടിക്ക് നല്‍കിയത് പ്രതികളിലൊരാളായ കൃഷ്ണ മദാര്‍ ആണെന്ന് തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുക്കുന്നതും.

കൂടുതല്‍ അന്വേഷണത്തില്‍ സാഗര്‍ പാട്ടീല്‍, നാഗനഗൗഡ പാട്ടീല്‍ എന്നിവരുടെ ഭീഷണിക്ക് വഴങ്ങിയാണ് കൃഷ്ണ മദാര്‍ കൃത്യം ചെയ്തതെന്ന് കണ്ടെത്തി. മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി കൃഷ്ണ മദാറിന് പ്രണയമുണ്ടായിരുന്നു. വിഷം കലര്‍ത്താന്‍ സഹായിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ അറിയിച്ച് പ്രശ്നമുണ്ടാക്കുമെന്ന് സാഗര്‍ പാട്ടീലും, നാഗനഗൗഡ പാട്ടീലും ഭീഷണിപ്പെടുത്തിയതായി കൃഷ്ണ മദാര്‍ പറഞ്ഞു. ശ്രീരാമ സേനയുടെ താലൂക്ക് തല പ്രസിഡന്റായ സാഗര്‍ പാട്ടീലാണ് സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

error: Content is protected !!