Monday, August 18

500 ലോക്കല്‍ ബസ്സുകള്‍ അധികമുണ്ട്, സ്വകാര്യ ബസ് പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ ഇറക്കി നേരിടും : ബസ് ഉടമകള്‍ക്ക് താക്കീതുമായി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : സ്വകാര്യ ബസ് ഉടമകള്‍ക്ക് താക്കീതുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് പണിമുടക്കിയാല്‍ കെ എസ് ആര്‍ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് മന്ത്രി പറഞ്ഞു. 500 ലോക്കല്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഡ്രൈവറെ വച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും ഗതാഗത മന്ത്രിയുടെ വെല്ലുവിളി. ബസ്സുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

വേണ്ടിവന്നാല്‍ ഓണക്കാലത്ത് പണിമുടക്കും എന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. ഇതിനോട് കടുത്ത പ്രതികരണമാണ് മന്ത്രി നടത്തിയിരിക്കുന്നത്. 500 ലോക്കല്‍ ബസ്സുകള്‍ കെ എസ് ആര്‍ ടി സിക്ക് അധികമായിട്ടുണ്ടെന്നും, സ്വകാര്യ ബസ്സുകള്‍ പണിമുടക്കുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അവ ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് റോഡിലിറക്കുമെന്നുമാണ് കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. അത്തരത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനില്ലെന്നും ആദ്യം അവര്‍ മത്സര ഓട്ടം നിര്‍ത്തട്ടെയെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യട്ടയെന്ന് ചോദിച്ചാല്‍ സമരം ചെയ്തോളാന്‍ പറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

error: Content is protected !!