
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ നീക്കാന്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കാന്‍ പ്രതിപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും വാര്‍ത്താസമ്മേളനം നടത്തി.
ഏഴു ദിവസത്തിനകം സാക്ഷ്യപത്രം നല്കിയില്ലെങ്കില്‍ കള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് മാപ്പു പറയണം എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. ഗ്യാനേഷ് കുമാറിന് മറുപടി നല്കാന്‍ എട്ട് പ്രതിപഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതെയും കള്ളം പറഞ്ഞും ഗ്യാനേഷ് കുമാര്‍ പക്ഷം പിടിക്കുകയാണെന്നും മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നല്കരുതെന്ന് കോടതി പറഞ്ഞെന്ന വാദം തെറ്റാണെന്നും എംപിമാര്‍ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് അടക്കം എല്ലാ വഴികളും തേടുന്നുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടത്തപ്പെടുന്നതെന്നും കമ്മിഷന്റെ തോളില്‍ തോക്കു വച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ടു രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒപ്പം വോട്ടുകൊള്ള സംബന്ധിച്ച ആരോപണത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും അല്ലെങ്കില്‍ മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇംപീച്ച്‌മെന്റ് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം നീക്കം ആരംഭിച്ചത്.
ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാനും പാലിക്കേണ്ടത്. പ്രമേയം ആദ്യം സ്പീക്കറോ രാജ്യസഭ അധ്യക്ഷനോ അംഗീകരിക്കേണ്ടതുണ്ട്. പിന്നീട് ഹാജരാകുന്നവരില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ വോട്ടോടെ ഇരു സഭകളും പ്രമേയം പാസാക്കണം. ഇതിന് സാധ്യതയില്ലെന്നിരിക്കെ കമ്മീഷനിലുള്ള അവിശ്വാസം പ്രകടിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. എസ്‌ഐആറിനെ ചൊല്ലിയുള്ള ബഹളത്തില്‍ രണ്ടു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. സ്പീക്കറുടെ ഡെസ്‌കില്‍ പ്രതിപക്ഷം അടിച്ച് ശബ്ദമുണ്ടാക്കിയപ്പോള്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഓം ബിര്‍ള മുന്നറിയിപ്പ് നല്കുകയും ചെയ്തു.
ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ് ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കുന്നത് ഇന്ത്യ മുന്നണി ചര്‍ച്ചചെയ്തത്. നോട്ടിസ് നല്‍കുന്നതിനായി ഒപ്പുശേഖരണം നടത്തുകയാണ് ആദ്യകടമ്പ. പാര്‍ലമെന്റിലെ ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാന്‍ സാധിക്കു. എന്നാല്‍ ഈ വിഷയത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടത്താന്‍ പ്രതിപക്ഷത്തിനു അവസരം ലഭിക്കും. വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍തന്നെ ഈ സമ്മേളനകാലത്ത് ഇംപീച്ച്‌മെന്റ് നടപടി അവതരിപ്പിക്കാന്‍ അനുവാദം ലഭിക്കുമോ എന്നതും സംശയമാണ്. സ്പീക്കറാണ് നോട്ടിസില്‍ തീരുമാനം എടുക്കേണ്ടത്.