Friday, August 22

പിതാവിനൊപ്പം സ്‌കൂളിലേക്ക് പോയ ആറ് വയസുകാരനെ തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ ഉമ്മയും കുടുംബവും ; കുട്ടിയെ കണ്ടെത്തി, ആസൂത്രണം ചെയ്തത് വിദേശത്തേക്ക് കടത്താന്‍, കണ്ടെത്തിയത് വിമാനത്താവളത്തില്‍ നിന്നും

പാലക്കാട്: പട്ടാമ്പി തെക്കുമലയില്‍ നിന്ന് പിതാവിനൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോയ ആറു വയസ്സുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ ഉമ്മയും കുടുംബവുമാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. ഇന്ന് രാവിലെ വിളത്തൂര്‍ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് ഇവാന്‍ സായിക്കിനെ ആയിരുന്നു കടത്തിക്കൊണ്ടുപോയത്.

പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് നടത്തിയ അന്വേഷണമാണ് തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുട്ടിയുടെ ഉമ്മയും കുടുംബവും ആണെന്ന് വ്യക്തമായത്. കുട്ടിയുടെ അച്ഛനായ മുഹമ്മദ് ഹനീഫയും ഭാര്യയും തമ്മില്‍ വേര്‍പിരിഞ്ഞു താമസിക്കുന്നവരാണ്. കുട്ടിയുടെ അമ്മ വിദേശത്താണ്.

കുട്ടിയെ വിട്ടുതരണം എന്ന ആവശ്യം മുഹമ്മദ് ഹനീഫ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ബലമായി കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. കടത്തിക്കൊണ്ടുപോയ കുട്ടിക്ക് ഇവര്‍ പാസ്‌പോര്‍ട്ട് ശരിയാക്കിയിരുന്നു. കുട്ടിയെ വിദേശത്തുള്ള അമ്മയുടെ അടുത്തേക്ക് കടത്താനായിരുന്നു പരിപാടി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. യഥാര്‍ത്ഥത്തില്‍ നടന്നത് തട്ടിക്കൊണ്ടു പോകലല്ല കുട്ടിയുടെ അവകാശത്തെ ചൊല്ലിയുള്ള കുടുംബവഴക്കായിരുന്നു.

error: Content is protected !!