തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ എഫ് ഐ ആരോപിച്ചു. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി ഗവർമെന്റ് ഹോസ്പിറ്റലിൽ കഴിഞ്ഞ 270 ദിവസത്തിലധികമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം നടത്തി വരുന്നു. ഇന്നുവരെ അറുപതിനായിരത്തിൽ പരം പൊതിച്ചോറ് വിതരണം ചെയ്തിട്ടുണ്ട് . ഇക്കഴിഞ്ഞ 5.8.2022 ന് ഉച്ചഭക്ഷണ വിതരണം ചെയ്യുന്ന സമയത്ത് തിരൂരങ്ങാടി സി ഐ സന്ദീപ് അവിടെ വരികയും – ” ഹോസ്പിറ്റൽ പരിസരത്ത് നിങ്ങളെ പോലെയുള്ള രാഷ്ട്രീയ നാടകം നടത്തുന്ന തെണ്ടികളുടെ പൊതിച്ചോറ് കച്ചവടം കൊണ്ട് റോഡ് ബ്ലോക്കാകുന്നു ” എന്ന് ആക്രോശിക്കുകയും പൊതിച്ചോറ് കൊണ്ടു വന്ന വാഹനം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പൊതിച്ചോറ് വാങ്ങാൻ വന്ന രോഗികളും നാട്ടുകാരും DYFI പ്രവർത്തകരും പ്രതിഷേധിച്ചതിനാൽ ഇദ്ദേഹം പിന്തിരിയുകയും ചെയ്തതായി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ 271 ദിവസങ്ങളിലായി വളരെ അച്ചടക്കത്തോടെ വാഹനങ്ങൾക്കും മറ്റും യാതൊരു തടസവും സൃഷിടിക്കാതെയാണ് പൊതിച്ചോറ് വിതരണംനടന്നു വരുന്നത്. DYFI നടത്തുന്ന പൊതിച്ചോറ് വിതരണത്തൊടുള്ള തിരൂരങ്ങാടി സി ഐ യുടെ അസഹിഷ്ണുതയാണ് വെളിവാകുന്നത്. സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാരോടും മോശമായിട്ടാണ് ഈ ഓഫീസർ പെരുമാറുന്നത്. ഇത്തരം ഓഫീസർമാർ LDF സർക്കാരിന്റെ ജനമൈത്രി പോലീസ് നയത്തിന് വിഘാതം സൃഷ്ടിക്കുന്നു .DYFI നടത്തുന്ന പൊതിച്ചോറ് വിതരണത്തെ അപഹസിക്കുകയും, പ്രവർത്തകരെ അപമാനിക്കുകയും ചെയത സി ഐ സന്ദീപിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് DYFI തിരുരങ്ങാടി ബ്ലോക്ക് കമ്മറ്റി ബന്ധപ്പെട്ട അധികരികളോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി പിവി അബ്ദുൽ വാഹിദ് പ്രസിഡണ്ട് എം ബൈജു, വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. അതേ സമയം, ആശുപത്രിയിലേക്കുള്ള അത്യാഹിത വാഹനങ്ങൾക്ക് ഉൾപ്പെടെ
തടസ്സമാകുന്ന തരത്തിൽ ഗേറ്റിന് മുമ്പിൽ വാഹനം നിർത്തിയിട്ടത് ചോദ്യം ചെയ്തപ്പോൾ ഇവർ വാക്കേറ്റം നടത്തുകയായിരുന്നെന്നു സി ഐ പറഞ്ഞു. ഈ വാഹന ത്തിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. അതിൽ നടപടി എടുത്തു. ഇതിൽ ക്ഷുഭിതരായാണ് ഇപ്പോൾ ഈ ആരോപണവുമായി വന്നത്. പൊതിച്ചോറ് വിതരണത്തിന് എതിരല്ലെന്നും സി ഐ പറഞ്ഞു.