Friday, September 5

പിറന്ന് വീഴും മുമ്പേ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന് തിരൂരിലെ മാലാഖ

തിരൂര്‍ : നഴ്‌സുമാരെ നമ്മള്‍ വിളിക്കുന്നത് മാലാഖമാര്‍ എന്നാണ്. ആ വിശേഷണത്തിന് അവര്‍ അര്‍ഹരാക്കുന്നത് അവരുടെ ജോലിയും അതോടൊപ്പം അവര്‍ നല്‍കുന്ന കരുതലുമാണ്. അത്തരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മാലാഖയാണ് തിരൂര്‍ തലക്കടത്തൂര്‍ അല്‍ നൂര്‍ ആശുപത്രിയിലെ നഴ്‌സ് ഗീത. പിറന്നുവീഴും മുന്‍പേ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞിനെയാണ് ഗീത ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇപ്പോള്‍ ആ കുഞ്ഞ് അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ സുഖമായിരിക്കുന്നു.

തിരൂര്‍ സ്വദേശികളാണു രക്ഷിതാക്കള്‍. രക്തസ്രാവം വന്ന പൂര്‍ണഗര്‍ഭിണിയെ ബുധനാഴ്ചയാണ് അല്‍ നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ഗര്‍ഭകാല പരിശോധന മറ്റൊരു ആശുപത്രിയിലായിരുന്നു. കുഞ്ഞിനു ജീവനുണ്ടാകില്ലെന്ന സങ്കടവാര്‍ത്ത, അവസാന പരിശോധനയ്ക്കു ശേഷം കുടുംബത്തെ അറിയിച്ചിരുന്നു. പ്രസവത്തീയതി ആകുന്നതുവരെ വീട്ടില്‍ വിശ്രമിക്കാനും നിര്‍ദേശിച്ചു. ആ കാത്തിരിപ്പിനിടയിലാണു രക്തസ്രാവമുണ്ടായത്. സ്ഥിരമായി കാണിക്കുന്ന ആശുപത്രിയിലേക്കു ദൂരം കൂടുതലായതിനാല്‍ അല്‍ നൂറിലേക്കു കൊണ്ടുവരികയായിരുന്നു.

കാലുകള്‍ ആദ്യം പുറത്തുവരുന്ന ബ്രീച്ച് പൊസിഷനിലായിരുന്നു കുഞ്ഞ്. പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ.അലിഷ ഷാജഹാന്‍, ശിശുരോഗ വിദഗ്ധന്‍ ഡോ.ഫവാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ സംഘം സാധാരണ പ്രസവം സാധ്യമാക്കി. ഓമനത്തമുള്ള പെണ്‍കുഞ്ഞ്. ദേഹത്താകെ നീലനിറം. കുഞ്ഞിനു ജീവനില്ലെന്നു നേരത്തേ ഡോക്ടര്‍ അറിയിച്ചിരുന്നതിനാല്‍ പുറത്തുള്ളവര്‍ക്കു കൈമാറാനായി നഴ്‌സുമാരെ ഏല്‍പിച്ചു.

കുഞ്ഞിനെ പൊതിഞ്ഞു കൈമാറുന്നതിനായി എത്തിയ മുതിര്‍ന്ന നഴ്‌സ് കെ.എം.ഗീതയ്ക്കു കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയില്‍ ജീവന്റെ മിടിപ്പ് അനുഭവപ്പെട്ടു. ഉടന്‍ സിപിആര്‍ നല്‍കി. കരയാനായി കുഞ്ഞിന്റെ കാലില്‍ അടിച്ചു. പല ശ്രമങ്ങള്‍ക്കൊടുവില്‍ കുഞ്ഞ് ശ്വാസമെടുത്തു. വിവരമറിയിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഓടിവന്നു. പിന്നീട് ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ശ്രമങ്ങള്‍ക്കൊടുവില്‍ കുഞ്ഞ് സാധാരണ നിലയിലായി. തുടര്‍ചികിത്സകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ടെന്ന് അല്‍ നൂര്‍ ആശുപത്രി മാനേജര്‍ കെ.ടി.അന്‍സാര്‍ പറഞ്ഞു.

error: Content is protected !!