
കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലാ നേതൃയോഗത്തിലാണ് ഷിയാസ് നിലപാട് വ്യക്തമാക്കിയത്. രാഹുലിനെതിരായ നടപടിയെ വിമര്‍ശിക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരും. നിലപാട് തുടര്‍ന്നാല്‍ സസ്പെന്‍ഷന്‍ അടക്കമുളള പാര്‍ട്ടി നടപടിക്കാണ് നിര്‍ദേശം. തീരുമാനത്തെ എറണാകുളം ജില്ലാ നേതൃത്വത്തില്‍ എ-ഐ ഗ്രൂപ്പ് നേതാക്കള്‍ പിന്തുണച്ചു.
രാഹുലിനെതിരായ നിലപാടിനെച്ചൊല്ലിയുളള സൈബര്‍ പോര് കൈവിട്ടതോടെയാണ് നിലപാട് കടുപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രാഹുല്‍ അനുകൂലികള്‍ ലക്ഷ്യമിട്ടതോടെയാണ് സംഘടന തലത്തിലെ പ്രതിരോധം. പാര്‍ട്ടിയോട് കൂറില്ലാത്തവരാണ് നടപടിയെ വിമര്‍ശിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് തുറന്നടിച്ചു. മണ്ഡലം തലം മുതല്‍ കര്‍ശന നിലപാട് സ്വീകരിക്കാനാണ് യോഗത്തില്‍ ധാരണയായത്.
യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തിരുന്നു. കെ ബാബുവും ജോസഫ് വാഴയ്ക്കനും തീരുമാനത്തെ പിന്തുണച്ചു. നേതൃത്വം ഒരുമിച്ചിരുന്ന് എടുത്ത തീരുമാനമാണ് രാഹുലിനെതിരായ നടപടിയെന്ന് മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കന്‍ യോഗത്തില്‍ പറഞ്ഞു.