
കരിപ്പൂർ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ലെ ഹജ്ജിന് പുറപ്പെടുന്നവർക്ക് മൂന്ന് ഘട്ടങ്ങളിലായി സാങ്കേതിക പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന ഫാക്കൽറ്റിമാർക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. 2025 ഓഗസ്റ്റിൽ നടത്തിയ ഇല്ലുമിനേറ്റ് വർക്ക്ഷോപ്പിൻ്റെ തുടർച്ചയായാണ് പരിപാടി ഇന്ന് ഹജ്ജ് ഹൗസിൽ ഒരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 35 അംഗങ്ങളാണ് ഓറിയന്റേഷനിൽ പങ്കെടുത്തത്.
പരിപാടി ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചള്ളിക്കോട് ഉദ്ഘാടം ചെയ്തു.
ഹജ്ജ് കമ്മിറ്റി അംഗം ഒ.വി ജാഫർ അധ്യക്ഷതവഹിച്ചു.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷക്കീർ ഈരാറ്റുപേട്ട, നൂർ മുഹമ്മദ് നൂർഷ, അഡ്വ. പി. മൊയ്തീൻകുട്ടി, പി പി. മുഹമ്മദ് റാഫി, ഷംസുദ്ദീൻ അരിഞ്ചിറ,
അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കക്കൂത്ത്, നോഡൽ ഓഫീസർ അസ്സയിൻ പി കെ, ട്രെയിനർ ഡോ.അബ്ദുള്ളക്കുട്ടി എപി, കെ ടി അമാനുള്ള മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
വിവിധ ജില്ല, മണ്ഡലം കേന്ദ്രങ്ങളിൽ ഇതിനകം ഒന്നാം ഘട്ടമായി സംഘടിപ്പിക്കപ്പെട്ട ക്ലാസുകൾക്ക് നേതൃത്വം നൽകിയ ഫാക്കൽറ്റിമാരുടെ വിശദമായ അവലോകനം, രണ്ടാംഘട്ട ക്ലാസുകൾക്കുള്ള ഒരുക്കങ്ങൾ, മോഡ്യൂൾ പ്രിപ്പറേഷൻ, ഇഫക്റ്റീവ് പബ്ലിക് ട്രെയിനിങ് ഇവാലുവേഷൻ ഉൾപ്പെടെ വിവിധ സെഷനുകളിൽ വിശാലമായ അവതരണങ്ങളും അവലോകനങ്ങളും ഓറിയന്റേഷൻ ഭാഗമായി സംഘടിപ്പിച്ചു.
രണ്ടാംഘട്ട ക്ലാസുകൾക്ക് മുന്നോടിയായി നടത്തുന്ന വിവിധ പരിപാടികളുടെ ആസൂത്രണങ്ങളും നിർവഹിച്ചു. മികച്ച ട്രെയിനിങ് മാനുവലുകളുടെ മൂല്യനിർണയം, സമ്മാനദാനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടത്തി. ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടവരും വെയ്റ്റിംഗ് ലിസ്റ്റിലെ 6000 വരെയുള്ളവർക്കുമാണ് ഒന്നാം ഘട്ട ക്ലാസുകൾ പൂർത്തിയാക്കിയത്. ഹാജിമാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും സഹായങ്ങൾ ഒരുക്കുന്നതിനും ട്രെയിനിങ് ഓർഗനൈസർമാരും ഫാക്കൽറ്റി അംഗങ്ങളും പ്രവർത്തിച്ചു വരികയാണ്. അടുത്തു നടക്കുന്ന രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകളിൽ ഏറെ ഫലപ്രദമായ ഇടപെടലുകൾക്ക് പരിശീലനം സിദ്ധിച്ച ഫാക്കൽറ്റി അംഗങ്ങൾ നേതൃത്വം നൽകും.