ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്ജ് വെൽഫയർ അസോസിയേഷൻ നവംബർ 6 ന് ധർണ്ണ സമരം സംഘടിപ്പിക്കുന്നു. കേരളത്തിലെ 80 ശതമാനത്തിലധികം ഹജ്ജ് അപേക്ഷകരും മലബാർ മേഖലയിൽ നിന്നുള്ളവരായിരിക്കെ കേവലം 20% ൽ താഴെ ഹജ്ജ് യാത്രക്കാർ ആശ്രയിക്കുന്ന കൊച്ചി എയർ പോർട്ടിനെ മാത്രം യാത്രാ കേന്ദ്രമാക്കി മാറ്റിയത് ബഹുഭൂരിപക്ഷം ഹജ്ജ് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്.
2019 ൽ 9329 പേരാണ് കരിപ്പൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് ആകെ 2143 പേർ മാത്രമാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. 2020 ൽ 8733 പേർ കരിപ്പൂരിനെ യാത്രാ കേന്ദ്രമായി തെരെഞ്ഞെടുത്തപ്പോൾ 2101 പേർ മാത്രമാണ് കൊച്ചിയെ തെരെഞ്ഞെടുത്തത്. മാത്രമല്ല ഉത്തര മലബാർ ജില്ലകളിൽ നിന്ന് പ്രായമായ ഹാജിമാർ പോലും 10 മണിക്കൂറോളം യാത്ര ചെയ്താണ് കൊച്ചിയിലെത്തുന്നത്.
2015 ൽ റെൺവേ കാർപറ്ററിംഗ് വർക്കിന്റെ പേരിലാണ് കരിപ്പൂരിൽ നിന്ന് കൊച്ചിയിലേക്ക് ഹജ്ജ് എംബാർകേഷൻ പോയിന്റ് മാറ്റി കൊച്ചി മാത്രമാക്കിയത് . തുടർന്ന് വന്ന വർഷങ്ങളിലും ഇത് പുന:സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല. ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോപം കാരണം 2018 ൽ കരിപ്പൂർ വീണ്ടും എംബാർകേഷൻ പോയിന്റായി പ്രഖ്യാപനം വന്നു. നേരത്തെ ഒന്നര ദശകത്തിലധികം കാലം ആയിരക്കണക്കിന് ഹാജിമാർ എംബാർക്കേഷൻ പോയന്റായി ഉപയോഗിച്ചിരുന്ന സർക്കാർ അധീനതയിലുള്ള കരിപ്പൂർ വിമാനത്താവളവും 7 കോടിയിലധികം ചിലവിൽ സ്ഥാപിതമായ വിശാല സൗകര്യമുള്ള ഹജ്ജ് ഹൗസും , പുതുതായി 2 കോടിയോളം രൂപ ചിലവിൽ പണി പൂർത്തിയാകുന്ന വനിതാ ബ്ലോക്കും ഉണ്ടായിരിക്കെ അതെല്ലാം ഒഴിവാക്കി കൊച്ചിയിലേക്ക് എംബാർക്കേഷൻ മാറ്റിയത് വിശുദ്ധ തീർത്ഥാടനത്തിന് പുറപ്പെടുന്ന ഹാജിമാരോട് കാണിക്കുന്ന ക്രൂരതയാണെന്നും കേന്ദ്ര സർക്കാരും ഹജ്ജ് – എവിയേഷൻ മന്ത്രാലയങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും പ്രസ്തുത തീരുമാനം തിരുത്തി കേരളത്തിൽ നിന്നുള്ള ഹാജിമാർക്ക് കരിപ്പൂരിൽ എം ബാർക്കേഷൻ പോയിന്റ് നിലനിർത്തണമെന്നും കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
വീണ്ടും കോവിഡ് പശ്ചാത്തലത്തിൽ ഹജ്ജ് എംബാർകേഷൻ പോയിന്റുകൾ ചരുക്കുന്നതിന്റെ ഭാഗമായി കരിപ്പൂരിനെ അവഗണിച്ചു. ഈ വർഷവും ഇത് തുടരുകയാണ്.
1988 ൽ സ്ഥാപിതമായ കരിപ്പൂർ എയർപോർട്ട് 1992 ഓടെ അന്താരാഷ്ട്ര വിമാനത്താവളമായി മാറി. വലിയ വിമാനങ്ങൾ നിറവധി ഇറങ്ങിയിരുന്നു. 400 ഓളം യാത്രക്കാരെ വഹിച്ച് ആയിരക്കണക്കിന് വലിയ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. ടേബിൾ ടോപ്പ് എയർപ്പോർട്ട് എന്ന പേരു പറഞ്ഞ് കരിപ്പൂരിനെ വീണ്ടും ചിറകരിയാൻ ശ്രമം തുടങ്ങി.
2017 – 18 വർഷം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂർ ഇന്ത്യയിൽ എഴാം സ്ഥാനത്താണ് . ഏറ്റവും കൂടുതൽ വരുമാനം നേടുന്ന എയർപ്പോർട്ടുകളിൽ മികച്ച സ്ഥാനവും കരിപ്പൂരിനുണ്ട്.
ഇന്ത്യയിൽ കരിപ്പൂർ നിലവിലുള്ള 5 ടേബിൾ ടോപ്പ് എയർപോർട്ടുകളിൽ ഒന്ന് മാത്രമാണ്.
.മറ്റു അസൗകര്യങ്ങൾ ഒന്നുമില്ല താനും . എന്നാൽ 2015 ൽ റീ കാർ പറ്റിംഗിന് നിർത്തിവച്ചതിനുശേഷം 3 വർഷം കഴിഞ്ഞ് വലിയ വിമാനങ്ങൾ ഇറങ്ങി തുടങ്ങിയിരുന്നു. 2020ലെ യാദൃശ്ചികമായ വിമാനദുരത്തിന്റെ പേരിൽ വീണ്ടും വലിയ വിമാനങ്ങൾ നിർത്തിവച്ചു. എയർപോർട്ടിന്റെ റെൺവേയുടെ പ്രശ്നമല്ല മറിച്ച് പൈലറ്റിന്റെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായതെന്ന സിവിൽ ഏവിയേഷൻ വകുപ്പ് റിപ്പോർട്ടും പുറത്ത് വന്നു. എന്നിട്ടും വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്. ഈ സാഹചര്യം മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ആയിരക്കണക്കിന്
പ്രവാസികൾ ആശ്രയിക്കുന്നതും
വ്യാപാര വാണിജ്യ രംഗത്ത് വലിയ വികസന പാതകൾ
സാധിച്ചതുമായ കരിപ്പൂർ എയർപോർട്ട് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തണം. ജനകീയ പ്രക്ഷോപങ്ങൾ ശക്തമാകണം.
കേരള ഹജ്ജ് വെൽഫയർ അസോസിയേഷൻ ധർണ സമരം നവംബർ 6 ന് ശനിയാഴ്ച കാലത്ത് 10 മണി മുതൽ വൈകീട്ട് ആറ് മണി വരെ എയർപോർട്ട് പരിസരത്ത് ന്യൂമാൻ ജംഗ്ഷനിൽ സംഘടിപ്പിക്കുന്നു. മന്ത്രിമാർ , എം.പിമാർ , എം എൽ എ മാർ , മത- രാഷ്ട്രീയ സാംസകാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന സമരം ശക്തമായ താക്കീതായി മാറും.പത്രസമ്മേളനത്തിൽ, പ്രസിഡന്റ് അബ്ദുൽ കരീം പറമ്പാടൻ, ജനറൽ സെക്രട്ടറി അബ്ദുൾ അസീസ് ഹാജി,തറയിട്ടാൽ ഹസൻ സഖാഫി,മംഗളം സൻഫാരി, ഇ.കെ.അബ്ദുൽ മജീദ്,സിദ്ധീഖ് പുല്ലാര എന്നിവർ പങ്കെടുത്തു.