
മലപ്പുറം : ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുള്ള, അബ്ദുസമദ് സമദാനി എം.പിയുടെ പ്രതിനിധിയായ ഇബ്രാഹിം മുതൂര്‍ എന്നിവരാണ് പ്രശ്‌നം ഉന്നയിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ സേവനം നല്‍കുന്നതില്‍ കാലതാമസം വരുന്നുണ്ടെന്നും ഇക്കാര്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എമാര്‍ പറഞ്ഞു. ആധാര്‍ സോഫ്‌റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ അക്ഷയ സംരംഭകരെയും പൊതുജനങ്ങളെയും ജില്ലാ ആധാര്‍ അഡ്മിന്‍ ബുദ്ധിമുട്ടിക്കുന്നതായും വികസനസമിതി യോഗത്തില്‍ പരാതി ഉയര്‍ന്നു.
കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഡ്രൈനേജ് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പി. ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി എല്‍.എസ്.ജി.ഡി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. നിര്‍മാണം തുടങ്ങുന്നതിന് മുന്നോടിയായി സര്‍വെ ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായാല്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്നും എന്‍ജിനിയര്‍ അറിയിച്ചു. കടലുണ്ടിപ്പുഴയിലെ നമ്പ്രാണി തടയണയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണെന്നും പുഴയില്‍ വെള്ളം കുറഞ്ഞാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ജലസേചന വിഭാഗം അറിയിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഡ്വ. യു.എ. ലത്തീഫ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ കുറവ് മൂലമാണ് രാത്രികാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കഴിയാത്തത്. നിര്‍ബന്ധിത സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താറുണ്ടെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ യോഗത്തില്‍ പറഞ്ഞു. ദേശീയപാത കോഹിനൂര്‍ – ചേളാരി നടപ്പാലം നിര്‍മാണത്തിന് നടപടി സ്വീകരിച്ചതായി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. ദേശീയപാതയില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വെട്ടിച്ചിറ ഭാഗത്ത് മേല്‍പ്പാലം നിര്‍മിക്കാന്‍ നിര്‍ദേശിച്ച സ്ഥലം അതിന് അനുയോജ്യമല്ലെന്നും ഡയറക്ടര്‍ അറിയിച്ചു.
മുടിക്കോട് പാലത്തിലേക്കുള്ള അപ്രോച് റോഡ് അറ്റക്കുറ്റപ്പണിക്ക് നടപടി സ്വീകരിച്ചതായി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. മിനി ഊട്ടിയിലേക്കുള്ള റോഡ് നിര്‍മാണത്തിന് അഞ്ച് കോടി അനുവദിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പൊതുമരമാത്ത് റോഡ്‌സ് വിഭാഗം എക്‌സി. എഞ്ചിനിയര്‍ അറിയിച്ചു. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ 10 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ആര്‍ക്കിടെക്ചറല്‍ ഡ്രോയിങ് തയ്യാറാക്കി വരികയാണെന്ന് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനിയര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. നന്ദകുമാര്‍ എം.എല്‍.എ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.വി. ഷാജു, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.