
കണ്ണൂർ : യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയില്‍. കോയ്യോട് സ്വദേശിയായ യുവാവിനെയാണ് 17 വയസ്സുകാരി ഉള്‍പ്പടെയുള്ള നാലംഗ സംഘം ഹണിട്രാപ്പില്‍ കുടുക്കിയത്.
മാച്ചേരി സ്വദേശിയായ യുവാവിനെ കെണിയില്‍പ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ 17-കാരിയായ പെണ്‍കുട്ടിയടക്കം നാലുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് സ്വദേശികളായ എ.കെ. അബ്ദുല്‍ കലാം, ഇബ്രാഹിം സജ്മല്‍ അർഷാദ്, സി. മൈമൂന എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരിയുമാണ് ചക്കരക്കല്‍ പൊലിസിന്റെ പിടിയിലായത്.
സംഭവം ഇങ്ങനെ:
ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാവിനെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിനെ കാഞ്ഞങ്ങാട്ടുള്ള ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.വീട്ടിലെത്തിയ യുവാവിനെ സംഘം ചേർന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തി നഗ്നനാക്കി ദൃശ്യങ്ങള്‍ പകർത്തിയതായും പരാതിയില്‍ പറയുന്നു.
ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ പത്തുലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പണമില്ലെങ്കില്‍ തുല്യമായ സ്വർണമെങ്കിലും നല്‍കണമെന്നും പ്രതികള്‍ നിർബന്ധിച്ചു.
പൊലിസ് നടപടി:
സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവാവ് ഉടൻ തന്നെ ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവാവ് പ്രതികളെ വിളിച്ചുവരുത്തി. പൊലിസ് വിരിച്ച കെണിയില്‍ പ്രതികള്‍ വീഴുകയായിരുന്നു. യുവാവില്‍ നിന്നും പണം വാങ്ങാൻ എത്തിയപ്പോഴാണ് പൊലിസ് സംഘം ഇവരെ പിടികൂടിയത്.
എസ്.ഐമാരായ അംബുജാക്ഷൻ, രഞ്ജിത്ത്, പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ മൈമൂനയും അബ്ദുല്‍ കലാമും ഇബ്രാഹിമും പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്ന് റിപ്പോർട്ടുകളുണ്ട്. ഡേറ്റിംഗ് ആപ്പുകള്‍ വഴി കൂടുതല്‍ പേരെ ഇവർ കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്.