Monday, February 23

പാകം ചെയ്ത ഏതൊക്കെ ഭക്ഷണം എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം ?

പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് എല്ലാ മലയാളികളുടെയും സ്ഥിരം സ്വഭാവമാണ്. കളയാൻ ഉള്ള ഭക്ഷണമാണെങ്കിൽ പോലും അത് എടുത്ത് ഫ്രിഡ്ജിൽ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികൾക്ക്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ ദീർഘനാൾ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തിരക്കിട്ടുള്ള ജീവിതത്തിനിടിയിൽ പലപ്പോഴും ആളുകൾക്ക് ദിവസവും ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തതാണ് ഇതിൻ്റെ പ്രധാന കാരണം. പണ്ടുള്ളവർ പലപ്പോഴും ദൈനംദിനത്തിന് ആവശ്യമായുള്ള ഭക്ഷണം മാത്രമാണ് പാകം ചെയ്തിരുന്നത് അതുകൊണ്ട് തന്നെ ഫ്രിഡ്ജിൻ്റെ ആവശ്യം വരാറില്ല. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് ഏഴ് വയസുകാരി, ഫ്രിഡ്ജിൽ നിന്നെടുത്ത ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞു വീണു മരിച്ചിരുന്നു. വീട്ടിലെ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാകുകയും ചെയ്തിരുന്നു. ഫ്രിഡ്ജിൽ ഭക്ഷണം ദീർഘനാൾ സൂക്ഷിക്കാൻ പാടില്ല. നിശ്ചിത ദിവസം മാത്രമേ പാടുള്ളൂ.

ഏതൊക്കെ ഭക്ഷണങ്ങൾ എത്രകാലം റഫ്രിജറേറ്ററിൽ സൂക്ഷിക്കാം എന്ന് പരിശോധിക്കാം.

പാകം ചെയ്ത ഭക്ഷണം എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം?

വേവിച്ച ഇറച്ചിക്കറികൾ

വേവിച്ച മാംസം, കോഴി, മീൻ കറികൾ 3-4 ദിവസം വരെ റഫ്രിജറേറ്ററിൽ കേടാകാതെ സൂക്ഷിക്കാം. ഇറച്ചി വിഭവങ്ങൾ ശരിയായി ചൂടാക്കി തണുപ്പിച്ച് വേണം റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടത്. കൂടാതെ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ചോർ

മലയാളികൾക്ക് ഒഴിവാക്കാനാവാത്ത ഭക്ഷണമാണ് ചോർ. ചോർ 3-4 ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. ചൂടാറിയതിന് ശേഷം ശരിയായി അടച്ച പാത്രത്തിൽ ഉടൻ തന്നെ റഫ്രിജറേറ്ററിൽ വെച്ചാൽ കേടാവാതെ സൂക്ഷിക്കാം.

ബ്രഡ്

ബ്രഡ് എക്സ്പയറി ഡേറ്റിന് മുൻപു തന്നെ കഴിച്ചു തീർക്കാൻ ശ്രദ്ധിക്കുക. എത്രതന്നെ ഫ്രിഡ്ജിൽ വെച്ചാലും ബ്രഡ് കേടാവും.

പാൽ/പാലുൽപ്പന്നങ്ങൾ

പാലും പാലുൽപ്പന്നങ്ങളും മറ്റേതൊരു ഭക്ഷണത്തേക്കാളും വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതാണ്. മധുരപലഹാരങ്ങൾ, പുഡിംഗുകൾ തുടങ്ങിയവയും പാലുൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളും ശരിയായ രീതിയിൽ റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ 2-3 ദിവസം വരെ കേടാകാതെയിരിക്കും.

വേവിച്ച പച്ചക്കറികൾ

പാകം ചെയ്ത പച്ചക്കറികൾ കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. പുതുമ നിലനിർത്താൻ അവ അടച്ച പാത്രത്തിൽ സൂക്ഷിക്കുകയും രുചിയും ഘടനയും നിലനിർത്താൻ ഉപ്പും എണ്ണയും ചേർത്ത് വേവിക്കുകയും ചെയ്യാം.

മുട്ട

പാകം ചെയ്ത മുട്ടകൾ 3-4 ആഴ്ച വരെയും പൊട്ടിച്ച മുട്ട 2 ദിവസം വരെയും റഫ്രിജറേറ്ററിൽ സൂക്ഷിക്കാം.

ഇതിന് വിപരീതമായി പാകം ചെയ്ത ഭക്ഷണങ്ങൾ ദീർഘകാലം റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും.

error: Content is protected !!