ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലന പരിപാടിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്

പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന്

മൂന്നിയൂർ: സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ഭിന്നശേഷി ക്കാരായവരെയും അവരുടെ രക്ഷിതാക്കളെയും ചേർത്ത് പിടിച്ച് അവർക്കായി “ഷീ ടെക്” എന്ന പേരിൽ തൊഴിൽ പരിശീലന മാതൃകാ പരിപാടിയുമായി വെളിമുക്ക് ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9


മൂന്നിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി കാൻ ആർട്സ് ആന്റ് സ്പോർട്സ് എന്ന കൂട്ടായ്മക്ക് കീഴിലാണ് ഈ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും മൂന്നിയൂർ ആലിൻചുവട് സോക്കർ സോൺ ടർഫിൽ വെച്ച് നൂറോളം വരുന്ന ഭിന്നശേഷിക്കാർക്കായി ഫിറ്റ്നസ് ക്യാമ്പും മ്യൂസിക് തെറാപ്പിയും വി കാൻ പ്രവർത്തകർ നടത്തിവരുന്നുണ്ട്. പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലും വി കാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ നടത്തി വരുന്നുണ്ട്. വീട്ടിനകത്ത് ഒറ്റപ്പെട്ട് കഴിയുന്ന ഭിന്നശേഷിക്കാർക്ക് ഈ ക്യാമ്പുകൾ ഏറെ ഗുണകരമാവുന്നുണ്ട്.
ഭിന്ന ശേഷിക്കാരായവരുടെ രക്ഷിതാക്കളും സമൂഹത്തിനിടയിൽ ഒട്ടേറെ ഒറ്റപ്പെടലുകൾക്ക് വിധേയരാവുന്നുണ്ട്. അവരുടെ വിരസത മാറ്റുകയും ചെറിയ വരുമാന മാർഗ്ഗങ്ങൾ ഉണ്ടാക്കി കൊടുക്കുകയും എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ സറീന ഹസീബ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയറിംഗും അനുബന്ധ കാര്യങ്ങളുമാണ് പരിശീലിപ്പിക്കുക. വിദഗ്ദ്ധരായ ടെക്നീഷ്യൻമാരായ മുനീബ് പുളിക്കൽ, ശരീഫ് കാടപ്പടി, ഇജാസുദ്ധീൻ എന്നിവരുടെ കീഴിലാണ് പരിശീലനം നൽകുന്നത്.
ഇന്ന്(ഞായർ) വൈകുന്നേരം നാല് മണിക്ക് മൂന്നിയൂർ ആലിൻചുവട് കെ.എൽ.എം.സ്പോർട്സ് അക്കാദമിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ അദ്ധ്യക്ഷ്യം വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.സാജിത, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.സുഹ്റാബി , മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

error: Content is protected !!