Friday, June 12

കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് സുവര്‍ണാവസരം; കുറഞ്ഞ പലിശ നിരക്കില്‍ വായ്പയുമായി കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് അഥവാ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴു വര്‍ഷം വരെ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാകുന്ന പദ്ധതി വഴി രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഏഴു വര്‍ഷം വരെ മൂന്നു ശതമാനം പലിശയിളവ് ലഭിക്കും. ഒരാള്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളിലായി പരമാവധി 25 സംരംഭങ്ങള്‍ക്ക് വരെ ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങള്‍, പാക്ക് ഹൗസുകള്‍, കൂണ്‍ കൃഷി, ഹൈഡ്രോപോണിക് ഫാമിംഗ്, കൃത്യതാ കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, വെയര്‍ ഹൗസ്, പോളിഹൗസ്, റീഫര്‍ വാന്‍, ശാസ്ത്രീയമായി പഴം പഴുപ്പിക്കുന്ന മുറികള്‍, യന്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കസ്റ്റം ഹയറിംഗ് സെന്ററുകള്‍, കാര്‍ഷിക നഴ്‌സറികള്‍, ജൈവവള ഉല്‍പ്പാദനം, കാര്‍ഷിക ഡ്രോണുകള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കും. കൂടാതെ, ഇ-മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള വിതരണ ശൃംഖല, സംഭരണ കേന്ദ്രങ്ങള്‍, ഗുണനിലവാര കേന്ദ്രങ്ങള്‍, വിളഭൂമിയിലും വിളവെടുപ്പിനുമുള്ള യന്ത്രങ്ങള്‍, തേന്‍ സംസ്‌കരണം, പട്ടുനൂല്‍ കൃഷി, കാര്‍ഷിക പമ്പുകള്‍, നിലവിലുള്ള പമ്പുകളുടെ സൗരോര്‍ജ്ജവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും പലിശയിളവോടെയുള്ള ലോണുകള്‍ അനുവദിക്കും.

കാര്‍ഷിക-വ്യവസായ വാണിജ്യ വകുപ്പുകളില്‍ നിന്നും വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വഴി ലഭ്യമാകുന്ന സബ്സിഡികള്‍ക്ക് പുറമെയാണ് എ.ഐ.എഫ് വഴിയുള്ള ആറു ശതമാനം പലിശ സബ്സിഡി കൂടി ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള കൃഷി ഭവനിലോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ ജില്ലാ കൃഷി ഓഫീസിലോ ലഭ്യമാണ്. ഫോണ്‍ നമ്പറുകള്‍: 7907430240, 8137008197.

error: Content is protected !!