കോഴിക്കോട് 12 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു ; ആറാഴ്ചക്കിടെ മൂന്നാമത്തെ കേസ് ; കുട്ടിയുടെ ആരോഗ്യ നില ഗുരുതരം

Copy LinkWhatsAppFacebookTelegramMessengerShare

കോഴിക്കോട് ; ഛര്‍ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് ആറാഴ്ചക്കിടെ മൂന്നാമത്തെ മസ്തിഷ്‌ക ജ്വര കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.

ഫാറൂഖ് കോളജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയായ കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതമാണെന്നാണ് വിവരം. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളജിടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളത്തില്‍ കുളിച്ച് ആറു ദിവസം കഴിഞ്ഞാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. ഈ കുളത്തില്‍ കുളിച്ചവരെല്ലാം നിലവില്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

അതീവ ജാഗ്രതയോടെ സാഹചര്യത്തെ ആരോഗ്യ വകുപ്പ് കാണുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!