അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു

മുന്നിയൂർ: അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മുന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു.  മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണു മരിച്ചത്.
ഈ മാസം 13 മുതൽ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. 8 ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു.  കബറടക്കം ഇന്നു രാവിലെ 9 ന് കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.  

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രി 11 നാണ് മരണം സ്ഥിരീകരിച്ചത്.

വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിൽ പറക്കൽ കടവിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്. ആദ്യം ചെമ്മാട് കുട്ടികളുടെ ഡോക്ടറെ കാണിച്ചു. പിന്നീട് ചേളാരി യിലും അവിടെ നിന്ന് റഫർ ചെയ്തതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ വച്ചാണ് ഫദ്‌വയ്ക്ക് അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകള്‍ നല്‍കി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഈ രോഗത്തിന് മരുന്നില്ലാത്തതിനാല്‍ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.

കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടെ കുളിച്ച ബന്ധുക്കളായ നാല് കുട്ടികളെ കോഴിക്കോട് മെഡി. കോളജില്‍ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഈ നാല് കുട്ടികള്‍ രോഗലക്ഷണങ്ങള്‍ മാറിയതോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു.

error: Content is protected !!