തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയില്‍ കാമ്പസ് വിദ്യാര്‍ഥികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വായനമുറി തുറന്നു. ഒരേ സമയം 50 പേര്‍ക്ക് വരെ ഇരിക്കാനാകും. ശീതീകരിച്ച മുറിയില്‍ വൈഫൈ സൗകര്യവും ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളും ലാപ്ടോപ്പും ബാഗുമെല്ലാം ഇവിടെ കൊണ്ടുവരുന്നതിന് തടസ്സമില്ല. ലൈബ്രറി കെട്ടിടത്തിന്റെ അറ്റത്തായി സജ്ജമാക്കിയ ഹാളിലേക്ക് പ്രത്യേകമായി തന്നെയാണ് പ്രവേശനം. കാമ്പസ് വിദ്യാര്‍ഥികളല്ലാത്ത ലൈബ്രറി അംഗങ്ങള്‍ക്ക് ലൈബ്രറി പ്രവര്‍ത്തനസമയത്ത് ഇവിടം ഉപയോഗിക്കാനാകും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വായനമുറി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ്, വിദ്യാര്‍ഥി പ്രതിനിധികളായ സി.എച്ച്. അമല്‍, അനുശ്രീ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.