പിക്കപ്പ് വാനില്‍ ഇടിച്ച് സ്‌കൂട്ടര്‍ ബസിനു മുന്നിലേക്ക് വീണു, വാന്‍ നിര്‍ത്താതെ പോയി ; ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൂനൂര്‍ സ്വദേശി ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്.

ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. കെ എം സി ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഫാത്തിമ മിന്‍സിയയും ഫിദ ഫര്‍സാനയും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ ദിശയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടറിനേയുമായി അല്‍പ ദൂരം മുന്നോട്ട് നീങ്ങിയാണ് ബസ് നിന്നത്. അപകടം വരുത്തിയ പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. സ്‌കൂട്ടറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണെന്ന് പിന്നീടു കണ്ടെത്തി.

ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെയും ഫിദ ഫര്‍സാനയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശേഷം സാരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

ഇരുവരും മണാശേരി കെഎംസിടി മെഡിക്കല്‍ കോളജില്‍ ബി ഫാം വിദ്യാര്‍ഥികളാണ്. സെക്കീനയാണ് മരിച്ച ഫാത്തിമ മിന്‍സിയയുടെ മാതാവ്. മിന്‍ഷാദ്, സിനാദ് എന്നിവര്‍ സഹോദരങ്ങളാണ്.

error: Content is protected !!