ഷിരൂര്‍ മണ്ണിടിച്ചില്‍ ; ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി, കാലില്‍ വല കുടുങ്ങിയ നിലയില്‍, കൈയ്യിലെ വള, മൃതദേഹം കണ്ടെത്തിയത് ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം ; ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യം

കര്‍ണാടക : ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത് കടലിലാണെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. എന്നാല്‍ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഒറ്റക്കാഴ്ചയില്‍ സ്ഥിരീകരിക്കാന്‍ സാധിക്കാത്ത നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലില്‍ വല കുടുങ്ങിയ നിലയില്‍ പുരുഷ മൃതദേഹമാണെന്നും കൈയ്യില്‍ വളയുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അര്‍ജുന്റേതാണോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ജീര്‍ണാവസ്ഥയിലായതിനാല്‍ ആരുടേതെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ മൃതദേഹത്തിന് അത്രയധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം.

കടലില്‍ 25 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് പോകാന്‍ ഒന്നര മണിക്കൂര്‍ സമയമെടുക്കുമെന്ന് ഈശ്വര്‍ മല്‍പ്പെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ബോട്ടില്‍ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിന്റെ ആലോചന. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് വരുമോയെന്നതില്‍ പൊലീസുകാരുമായി ചര്‍ച്ച ചെയ്താവും തീരുമാനമുണ്ടാവുക.

അതിനിടെ, ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. നേരത്തെ, അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ ജില്ലാഭരണകൂടത്തിന്റെ കൈവശം വെച്ചിരുന്നു. ഇതും ചേര്‍ത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധന നടത്തേണ്ടി വരും. അതിനു ശേഷം മാത്രമേ ഡിഎന്‍എ പരിശോധന നടത്തുകയുള്ളൂ. ഈ പരിശോധന പെട്ടെന്ന് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. എത്രയും പെട്ടെന്ന് പരിശോധന നടത്താനാണ് ശ്രമമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു.

error: Content is protected !!