താനാളൂരിൽ നാലു വയസുകാരനെ തെരുവുനായകൾ കടിച്ചുകീറി

താനൂർ: താനാളൂരിൽ നാല് വയസുകാരനെ തെരുവ് നായകൾ കടിച്ചു കീറി. വട്ടത്താണി കമ്പനിപ്പടിയിൽ താമസിക്കുന്ന കുന്നത്ത് പറമ്പിൽ റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ശരീരത്തിൽ നാല്പപതോളം മുറിവുകളുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. വീടിന് സമീപത്തുള്ള ബൈപ്പാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. ഈ സമയത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവും സഹോദരനും എത്തിയാണ് നായകളിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്.

കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മുറിവുകളുണ്ട്. ചില മുറിവുകൾ ആഴത്തിലുള്ളതാണ്. കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.

error: Content is protected !!