തൃപ്പൂണിത്തുറയില്‍ വന്‍ പടക്ക സ്‌ഫോടനം ; ഒരാള്‍ മരിച്ചു, പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്, അരക്കിലോമീറ്റര്‍ ചുറ്റുപാടുളള വീടുകളെല്ലാം തകര്‍ന്ന നിലയില്‍

കൊച്ചി : തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചതായി നഗരസഭ വൈസ് ചെയര്‍മാന്‍ അറിയിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സ്ഫോടനം ഉണ്ടായത്. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റര്‍ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റര്‍ അകലെ നിന്നും വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 25 വീടുകള്‍ക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ 45 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അരക്കിലോമീറ്റര്‍ ചുറ്റുപാടുളള വീടുകളെല്ലാം തകര്‍ന്ന നിലയിലാണ്. സമീപത്തെ ഇരുനിലവീടുകളുടെ മേല്‍ക്കൂരകള്‍ വരെ തകര്‍ന്നു. കോണ്‍ഗ്രീറ്റുകള്‍ പൊട്ടിയകന്ന നിലയാണ്. വീടിന്റെ വാതിലുകളും ജനലുകളും തകര്‍ന്നു.

error: Content is protected !!