നിർമിതബുദ്ധിയുടെ കാലത്ത് ഭാഷാപഠനത്തിന് സാധ്യതകളേറെയാണെന്ന് കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭാഷാ ശൈലിയും പ്രയോഗങ്ങളുമൊക്കെ കാലികമായ മാറ്റത്തിന് വിധേയമാണെന്നും ഭാഷാ സിദ്ധാന്തങ്ങളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലുകളിലൂടെയാണ് ഭാഷ വികസിക്കുകയെന്നും ആധുനിക ഭാഷാ സാഹിത്യ സിദ്ധാന്തങ്ങളും ഗള്‍ഫ് സാഹിത്യത്തില്‍ അവയുടെ പ്രയോഗവും എന്ന തലക്കെട്ടില്‍ ആരംഭിച്ച സെമിനാര്‍ വിലയിരുത്തി.
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പും ഫാറൂഖ് കോളേജിലെ അറബിക് വകുപ്പും യു.എ.ഇ.യിലെ ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി യുമായി സഹകരിച്ചാണ് സെമിനാര്‍ നടത്തുന്നത്.
പബ്ലിഷിങ് കമ്പനി സി.ഇ.ഒ. ഡോ. മറിയം അല്‍ ശനാസി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേര്‍സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍മാരായ ഡോ. ഖാലിദ് അല്‍ കിന്‍ദി, ഡോ. അബ്ദുറഹിമാന്‍ തുഅ്മ, ഡോ. മുഹമ്മദ് മുസ്തഫ, ടെക്നോളജി ആന്റ് ആപ്ളിക്കേഷന്‍ സയന്‍സ് യൂണിവേര്‍സിറ്റി പ്രൊഫസര്‍ ഡോ. സഈദ് അല്‍ സല്‍ത്തി തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.
ചരിത്രകാരനും കാലിക്കറ്റ് മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. കെ.കെ.എന്‍. കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സംസ്‌കാരമാണ് അറബികള്‍ ഇന്ത്യക്ക് പകര്‍ന്ന് നല്‍കിയതെന്നും സാഹോദര്യവും ഏകമാനവികതയുമാണ് ഇന്തോ അറബ് ബന്ധം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വശ്യ സുന്ദരമായ അറബി ഭാഷ സംഗീതാത്മകവും മനോഹരവുമാണെന്നും മനസുകളെ കോര്‍ത്തിണക്കുന്നതാണെന്നും ചടങ്ങില്‍ സംസാരിച്ച കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ. ഗീതാകുമാരി അഭിപ്രായപ്പെട്ടു.
സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഐഷ സ്വപ്‌ന, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. സാജിദ്, അറബി വകുപ്പ് മേധാവി ഡോ. യൂനുസ് സലീം, കാലിക്കറ്റ് സര്‍വകലാശാല മലയാളം വകുപ്പ് മേധാവി ഡോ. ആര്‍.വി.എം. ദിവാകരന്‍, അറബി വകുപ്പ് പ്രൊഫസര്‍ ഡോ. ഇ. അബ്ദുല്‍ മജീദ്, പ്രിന്‍സിപ്പല്‍സ് കണ്‍സോര്‍ഷ്യം സെക്രട്ടറി ഡോ. ഐ.പി. അബ്ദുസ്സലാം, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഡോ. അലി നൗഫല്‍, ജോയന്റ് കോര്‍ഡിനേറ്റര്‍ ഡോ.കെ.പി. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള നിരവധി അറബി വിദ്യാര്‍ഥികളും അധ്യാപകരും സമ്മേളനത്തില്‍ പങ്കെടുത്തു. 23-നാണ് സെമിനാർ സമാപനം.