മഞ്ചേരി: അടച്ചിട്ട വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു പൊളിച്ച് മുപ്പതു പവൻ സ്വർണാഭരണങ്ങളും അരലക്ഷം രൂപയും കവർന്നു.
22-ാം മൈൽ ഹെവനിൽ വിനീതയുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. വിനീത ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മകന്റെയടുത്താണ്. കഴിഞ്ഞ ഡിസംബറിലാണ് വീട് പൂട്ടിപ്പോയത്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ സഹോദരന്റെ ഭാര്യ നളിനി വീട്ടിൽ വിളക്കുവെയ്ക്കാൻ വന്നപ്പോഴാണ് മുൻവശത്തെ പ്രധാന വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്. പൂജാമുറിയിലെ ദേവിക്ക് സമർപ്പിച്ച പത്തു പവനോളം വരുന്ന തിരുവാഭരണങ്ങൾ, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച നെക്‌ലേസ്, താലിമാല, മുത്തുമാല, സെറ്റ് കമ്മൽ, വള എന്നിവയും അലമാരയിൽ സൂക്ഷിച്ച പണവുമാണ് നഷ്ടമായത്. വീട്ടിലെ മുഴുവൻ മുറികളും തുറന്നിട്ട നിലയിലായിരുന്നു. അലമാരകളെല്ലാം തകർക്കുകയും വസ്ത്രങ്ങൾ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്.
വീടിന്റെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് അകത്തുകയറിയത്. മതിലിനുതാഴെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. രാത്രി 1.45-ന് വീടിനു മുൻപിൽ ഒരു ബൈക്ക് നിർത്തുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. നളിനിയുടെ പരാതിയിൽ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. സി.ഐ. അലവിയുടെ നേതൃത്വത്തിൽ പോലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.