പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു

മലപ്പുറം : പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം മോഷ്ടിച്ചതായി പരാതി. സിസിടിവിയും തകര്‍ത്തു. പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം കുടുംബവും ദുബൈയിലാണു താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഭാര്യ ദുബായിലേക്കു പോയത്. തൊട്ടു പിന്നാലെയാണു കവര്‍ച്ച നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വൈകീട്ട് നാലു മണിയോടെ സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു. ഇവര്‍ രാജീവിന്റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് വന്‍ കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്. സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. മോഷണവിവരം അറിഞ്ഞ് രാജീവ് നാട്ടിലെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരൂര്‍ ഡിവൈഎസ്പി പി.പി.ഷംസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടുകോടി രൂപയ്ക്കു മുകളില്‍ വില വരുമെന്ന് പൊലീസ് അറിയിച്ചു. പി.നന്ദകുമാര്‍ എംഎല്‍എയും വീട്ടിലെത്തി.

error: Content is protected !!