
കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി വേങ്ങര സ്വദേശി പൊലീസിന്റെ പിടിയില്‍. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.
966 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 4 കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കുവൈറ്റില്‍ നിന്നും ഇന്നലെ എത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ഇയാള്‍ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. എന്നാല്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്റെ പക്കല്‍ സ്വര്‍ണമുണ്ടെന്ന കാര്യം നിഷേധിച്ചെങ്കിലും ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കി. മെഡിക്കല്‍ എക്‌സ്‌റേ പരിശോധനയിലാണ് ഇയാളുടെ വയറിനകത്ത് 4 കാപ്‌സ്യൂളുകള്‍ കണ്ടത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.