സൗദിയില്‍ താമസരേഖയായ ഇഖാമ പുതുക്കാന്‍ വൈകിയ മലപ്പുറം സ്വദേശിയെ പൊലീസ് പിടികൂടി നാടുകടത്തി. ഇഖാമ പുതുക്കുന്നതില്‍ മൂന്ന് തവണ കാലവിളംബം വരുത്തിയാല്‍ നാടുകടത്തും എന്ന അടുത്ത കാലത്ത് നിലവില്‍ വന്ന നിയമ പ്രകാരമാണ് മലപ്പുറം എടക്കര സ്വദേശിയെ നാട് കടത്തിയത്.
നേരത്തെ രണ്ട് പ്രാവശ്യം ഇദ്ദേഹത്തിന്റ ഇഖാമ പുതുക്കാന്‍ വൈകിയിരുന്നു. ആ രണ്ടു സമയങ്ങളിലും ഫൈന്‍ അടച്ചാണ് ഇദ്ദേഹം ഇഖാമ പുതുക്കിയിരുന്നത്. സമാനമായി മൂന്നാം തവണയും ഫൈന്‍ അടച്ച് പുതുക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ കഴിയവേ, സാധനങ്ങള്‍ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണില്‍ എത്തിയപ്പോള്‍ നടന്ന പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു.
യുവാവിനോട് പതിവ് പരിശോധനയുടെ ഭാഗമായി പോലീസ് ഇഖാമ ആവശ്യപ്പെടുകയും തുടര്‍ന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥര്‍ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസിലാക്കിയതോടെ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തില്‍ എത്തിച്ചു. ഇത് അറിഞ്ഞ് തര്‍ഹീലില്‍ എത്തിയ സഹോദരനോട് നാടുകടത്താനാണ് തീരുമാനം എന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹികക്ഷേമ സമിതിയംഗവുമായ ബിജു കെ. നായരുടെ സഹായം തേടി. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം വിമാനടിക്കറ്റുമായി എത്തി തര്‍ഹീലില്‍ നിന്ന് പുറത്തിറക്കി അബഹ എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. മൂന്ന് തവണ ഇഖാമയുടെ കാലവധി കഴിഞ്ഞാല്‍ പൊലീസിന്റെ കൈയ്യില്‍പെട്ടാല്‍ പിന്നെ ഇഖാമ പുതുക്കിയാല്‍ പോലും നാടുകടത്തല്‍ ശിക്ഷ ലഭിക്കുമെന്ന് ബിജു കെ. നായര്‍ പറഞ്ഞതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൗദി പ്രവാസികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.